ടെൽ അവീവ്: അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തതിനു പിന്നാലെ ഇസ്രേലി സേന വർധിതവീര്യത്തോടെ ഗാസയിൽ ആക്രമണം തുടരുന്നു.
ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി വ്യോമസേന ഇന്നലെയും ബോംബിട്ടു. ഖാൻ യൂനിസിൽ കരയാക്രമണവും ശക്തമാണ്.
ഖാൻ യൂനിസിലും അവിടെനിന്നു റാഫയിലേക്കുള്ള റോഡിലും ശക്തമായ ആക്രമണമാണ് ഇസ്രേലി സേന നടത്തുന്നതെന്നു ഹമാസ് അറിയിച്ചു.
മൂന്നാം മാസത്തിലേക്കു കടന്ന യുദ്ധത്തിൽ 17,700 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷിത കേന്ദ്രങ്ങൾ ഇല്ലാതായതോടെ ജനങ്ങൾക്ക് എങ്ങോട്ടു പോകണമെന്നറിയില്ല. വടക്കൻ ഗാസയിൽ നേരത്തേ ഇസ്രേലി സേന പിടിച്ചെടുത്തതിനെത്തുടർന്നു പ്രവർത്തനം നിലച്ച അൽഷിഫ ആശുപത്രിയിലടക്കം ജനങ്ങൾ അഭയം തേടുന്നുണ്ട്.
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു യുഎൻ സഹായ ഏജൻസികൾ ആവർത്തിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്. പാതിജനത പട്ടിണി നേരിടുന്നതായി യുഎൻ ഭക്ഷ്യപദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടർ കാൾ സ്കാവു പറഞ്ഞു.
ഗാസയിലെ 24 ലക്ഷം ജനങ്ങളിൽ 19 ലക്ഷവും അഭയാർഥികളായി മാറി. ഗാസയിൽനിന്നു പുറത്തുകടക്കാൻ വഴിയില്ലാത്ത ഇവർ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫാ മേഖലയിലാണ് അഭയം തേടിയിരിക്കുന്നത്.
ഇതിനിടെ ഗാസയിൽ ആക്രമണം വർധിപ്പിക്കാൻ ഇസ്രേലി സേനാ തലവൻ ഹെർസി ഹാലേവി നിർദേശം നല്കി. കൂടുതൽ കൂടുതൽ ഭീകരവാദികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
ഇതുവരെ 7,000 ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി പറഞ്ഞു. ഇതിനിടെ, ടെൽ അവീവിൽ കുറച്ച് ഇസ്രേലികൾ സമാധാനത്തെ അനുകൂലിച്ച് പ്രകടനം നടത്തുകയുണ്ടായി.