ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും യുഎൻ രക്ഷാസമിതി. ഇതുസംബന്ധിച്ച് ഇന്നലെ അവതരിപ്പിച്ച പ്രമേയം അമേരിക്ക ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും പത്ത് അംഗരാജ്യങ്ങളും അംഗീകരിച്ചു.
ഇതാദ്യമായാണ് ഗാസ യുദ്ധത്തിൽ യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്. മുന്പ് പലതവണ പ്രമേയം കൊണ്ടുവന്നെങ്കിലും അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു.
എന്നാൽ, ഇന്നലെ പ്രമേയം അവതരിപ്പിച്ചപ്പോൾ അമേരിക്ക വിട്ടുനിൽക്കുക മാത്രമാണു ചെയ്തത്. ഇതോടെയാണു പ്രമേയം പാസായത്. അമേരിക്കയുൾപ്പെടെ അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗരാജ്യങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. അംഗരാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രയേലിനോടും ഹമാസിനോടും അടിയന്തരമായി വെടിനിർത്തലിനു തയാറാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എത്രയുംവേഗം എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് എത്രയുംപെട്ടെന്ന് സഹായമെത്തിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഈ പ്രമേയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ അതു മാപ്പർഹിക്കാത്ത കുറ്റമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. ഏറെനാളായി കാത്തിരുന്ന കാര്യമാണ് യുഎൻ രക്ഷാസമിതി പാസാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.