ടെൽ അവീവ്: ഗാസയിലേക്കു കരവഴിയുള്ള ആക്രമണവും ഇസ്രയേൽ കടുപ്പിച്ചതോടെ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ ഗാസയിൽ മാത്രം കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഗാസ അതിർത്തിയിൽ പ്രവേശിച്ച് ആക്രമണം തുടരുകയാണ്. കനത്ത വ്യോമാക്രമണവും ഇസ്രയേൽ നടത്തുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ലബനോൻ അതിർത്തിയിലും ആക്രമണമുണ്ട്. സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം യൂണിയൻ പാസാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്.
അതിനിടെ, സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറാണെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേൽ തടവിലാക്കിയ 6,000 പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഹമാസിന്റെ ബന്ദികളായി വിദേശികളടക്കം 222 പേരുണ്ടെന്നും ഇതിൽ നാലുപേർ മാത്രമാണ് മോചിതരായതെന്നും ഇസ്രയേൽ അറിയിച്ചു.
പഞ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി.
അതിനിടെ ഹമാസ് പ്രതിനിധികൾ മോസ്കോയിലെത്തി. ഇന്ന് സമാധാനത്തിനായുള്ള നർണായക ചർച്ചകൾ നടക്കുമെന്നു റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ ഈ നീക്കത്തെ ശക്തമായി എതിർത്ത് ഇസ്രയേൽ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.