ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ പിൻഗാമിയായി ഗാസ മുനമ്പ് മേധാവിയായ യഹിയ സിൻവാറിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം. ഗാസ മുനമ്പിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവനായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യഹിയ സിൻവാർ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് നേതാവാണ്. ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചതിനു മിനിറ്റുകൾക്കുള്ളിലാണ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയച്ചത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിന്റെ പുതിയ മേധാവിയെ നിയമിച്ചത്.
അതിനിടെ യഹിയ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ഇസ്രയേൽ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. ഹമാസ് സംഘടനയെ ഭൂമിയിൽനിന്നു തുടച്ചുനീക്കണമെന്നും വിദേശകാര്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.