ടെൽഅവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ശരാശരി 134 കുട്ടികളാണ് ദിവസവും അവിടെ മരിച്ചുവീഴുന്നത്.
ഭൂമിയിലെ നരകമായി ഗാസ മാറിയെന്നും ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ചൂണ്ടിക്കാട്ടി.
ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്.
ഇതിനോടകം 11,000 കടന്ന മരണസംഖ്യയിൽ 40 ശതമാനത്തിലധികമാണ് കുഞ്ഞുങ്ങൾ. കുട്ടികൾക്കുനേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെനേരേ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്കുനേരേയും ആക്രമണമുണ്ടായി.
തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗാസയിൽനിന്ന് ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തുവെന്ന് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിട്ടു കഴിഞ്ഞു.