ഗാസാസിറ്റി: യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തിന്റെ പലഭാഗത്തുനിന്നും ആവശ്യമുയരുന്പോഴും ഗാസാസിറ്റിയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍.
ഹമാസിന്റെ ഭൂഗര്ഭതുരങ്കശൃംഖലകൾ തകർക്കുകയെന്ന ലക്ഷ്യവുമായാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങൾ. ഇതിനോടകം 130 ഹമാസ് തുരങ്കങ്ങൾ തകര്ത്തുകഴിഞ്ഞതായി ഇസ്രയേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി അവകാശപ്പെട്ടു. ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായതായും സൈന്യം പറയുന്നു.
ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ മുഖ്യനായ മുഹ്സിന് അബു സിനയെ വധിച്ചുവെന്ന് ഇസ്രയേല്‍ നേരത്തെ പറഞ്ഞിരുന്നു.
ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 10,569 പേര് ഗാസയില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 4324 പേര് കുട്ടികളാണെന്നും പലസ്തീന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
26,457 പേര്‍ക്ക് പരിക്കേറ്റു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഗാസയില്‍ പ്രതിദിനം 160ലധികം കുട്ടികളാണ് കൊല്ലപ്പെടുന്നത്.
അതിനിടെ യുദ്ധത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് വീണ്ടും രംഗത്തെത്തി. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്നും ഗാസ മുനമ്പില്‍ മരിച്ച സാധാരണക്കാരുടെ സംഖ്യ ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.