ഗാസസിറ്റി: ഗാസയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ നാലിലൊന്ന് ആളുകളും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. യുദ്ധം അഫ്ഗാനിസ്ഥാനിലും യെമനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഗാസയിൽ 5.76 ലക്ഷം പേർ പട്ടിണിയിലാണെന്നാണ് യുഎൻ പറയുന്നത്. ജീവകാരുണ്യസഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണിദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെയും യുഎൻ വിമർശിച്ചു.
ഗാസയിൽ ഇനിയൊന്നും വഷളാകാനില്ല, ഇത്തരത്തിൽ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ് ഗാസയിലുണ്ടായിട്ടില്ല എന്നും യുഎന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈൻ പറഞ്ഞു.
23 ലക്ഷം വരുന്ന ഗാസക്കാരിൽ പത്തുശതമാനത്തിന്റെ വിശപ്പടക്കാനുള്ള സഹായംമാത്രമാണ് രണ്ടാഴ്ചയായി അതിർത്തിവഴിയെത്തുന്നതെന്നും യുഎൻ. അറിയിച്ചു. പോഷകാഹാരം ദൗർലഭ്യം സാംക്രമികരോഗങ്ങൾക്കുപുറമേ മറ്റു രോഗങ്ങളും വ്യാപിക്കാനിടയാക്കും.
റാഫ അതിർത്തികൂടാതെ ഇസ്രയേലിൽനിന്ന് ഗാസയിലേക്കുള്ള കെറിം ശാലോം അതിർത്തി ചരക്കുനീക്കത്തിനായി ഈയാഴ്ച ഇസ്രയേൽ തുറന്നിരുന്നു. പ്രതിദിനം നൂറിലധികം ട്രക്കുകൾ മാത്രമേ ഇതുവഴി ഗാസയിലെത്തുന്നുള്ളൂ.
വ്യാഴാഴ്ച സഹായവിതരണവാഹനങ്ങൾക്കുനേരെ അതിർത്തിയിൽ ആക്രമണമുണ്ടായതോടെ അതും താത്കാലികമായി നിർത്തിവെക്കേണ്ടി വന്നെന്ന് യുഎൻ ഏജൻസിയായ ഉൻറ അറിയിച്ചു. ഇവിടെ നാലുപേർ കൊല്ലപ്പെട്ടു.
അതിനിടെ, അതിർത്തിവഴി പ്രതിദിനം മുന്നൂറിനും നാനൂറിനുമിടയിൽ ട്രക്കുകൾ കടത്തിവിടാൻ ഇസ്രയേൽ ശ്രമിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗ് പറഞ്ഞു.
സഹായവിതരണം തടസ്സപ്പെടുന്നതിൽ യുഎന്നിനെയും ഹെർസോഗ് കുറ്റപ്പെടുത്തി. ദിവസവും കുറ്റപ്പെടുത്തുന്നതിനുപകരം ജോലി കൃത്യമായി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ വിതരണം ചെയ്യുന്നതിന്റെ മൂന്നിരട്ടി സഹായം ഗാസയിൽ ദിവസവും നൽകാൻ യുഎന്നിന് കഴിഞ്ഞേനെ എന്ന് ഹെർസോഗ് പറഞ്ഞു.
തെക്കൻ ഗാസയിൽ ആക്രമണം ശക്തമായിത്തുടരുന്നതിനാൽ ഈജിപ്ത് അതിർത്തിയായ റാഫ വഴിയും ഗാസയിലേക്ക് പരിമിതസഹായമെത്തിക്കാനേ യുഎന്നിന് കഴിയുന്നുള്ളൂ.
ഇതിനിടെ ജബലിയയിലെ പലസ്തീൻ റെഡ്ക്രസന്റിന്റെ ആരോഗ്യകേന്ദ്രത്തിൽനിന്ന് പാരാമെഡിക്കൽ സ്റ്റാഫുകളെയും ആംബുലൻസ് ഡ്രൈവർമാരെയും വ്യാഴാഴ്ച ഇസ്രയേൽ സൈന്യം പിടിച്ചുകൊണ്ടുപോയി.
ജബലിയയിലുണ്ടായ ആക്രമണത്തിൽ ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ ഡയറക്ടർ മുനീർ അൽ ബുർഷിന്റെ മകൾ കൊല്ലപ്പെട്ടു. ബുർഷിന് പരിക്കേറ്റു.
ഗാസയിലെ 36 ആശുപത്രികളിൽ ഒമ്പതെണ്ണം മാത്രമാണ് നിലവിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 135 യുഎൻ ജീവനക്കാർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.