എരേസ് (പലസ്തീൻ): ഗാസയിൽ ഹമാസ് നിർമിച്ച വലിയ ഭൂഗർഭ തുരങ്കം കണ്ടെത്തിയെന്നറിയിച്ച് ഇസ്രയേൽ സൈന്യം. സുപ്രധാന അതിർത്തി പ്രദേശമായ എരേസിലാണു തുരങ്കം കണ്ടെത്തിയിരിക്കുന്നത്.
നാലു കിലോമീറ്റർ ദൂരമുള്ള ഈ തുരങ്കത്തിലൂടെ ചെറുവാഹനങ്ങൾക്കു യാത്ര ചെയ്യാൻ സാധിക്കുന്ന വിധമാണു രൂപകൽപ. എരേസ് അതിർത്തിയിൽനിന്നു 400 മീറ്റർ ദൂരത്താണു തുരങ്കം.
വൈദ്യുതി ബന്ധം, മലിനജലം ഒഴുകി പോകാനുള്ള സംവിധാനം, വെന്റിലേഷൻ, ട്രോളി മോഡലിലുള്ള വാഹനങ്ങൾ കൊണ്ടു പോകാൻ സഹായിക്കുന്ന റെയിലുകൾ എല്ലാംതന്നെ ഈ തുരങ്കത്തിൽ സജീകരിച്ചിരുന്നു.
ദീർഘകാലത്തെ പരിശ്രമവും ഒരുപാടു പണവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലൊരു തുരങ്കം ഉണ്ടാക്കാൻ സാധിക്കൂവെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കുന്നു.
തുരങ്കത്തിന്റെ നിർമാണ സമയത്തേത് എന്നു കരുതുന്ന ദൃശ്യങ്ങൾ ഇസ്രയേൽ ഇന്റലിജൻസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്.