ടെൽ അവീവ്: ഇസ്രേലി സേന അപ്രതീത റെയ്ഡിലൂടെ ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. മുതിർന്ന ഹമാസ് കമാൻഡർമാർ ആശുപത്രിയിൽ തന്പടിച്ച് ആക്രമണത്തിനുള്ള താവളമാക്കുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ് നടത്തിയതെന്ന് സേന അറിയിച്ചു. ഏറ്റുമുട്ടലിൽ 20 ഭീകരരെ വധിച്ചു.
നൂറുകണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. ടാങ്കുകൾ ആശുപത്രി വളഞ്ഞു. ഉഗ്രയുദ്ധത്തിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമായിരുന്നു.
അതേസമയം, വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്ന റെയ്ഡെന്ന് ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തില്ല.
രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകേണ്ടതില്ല. ആശുപത്രിവളപ്പിൽ തന്പടിച്ചിരിക്കുന്നവർക്ക് ഒഴിഞ്ഞുപോകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഹമാസ് ഭീകരർ ഉടൻ കീഴടങ്ങണമെന്നും ഹാഗാരി ആവശ്യപ്പെട്ടു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മുന്പും ഇസ്രേലി സേന റെയ്ഡ് നടത്തിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ ആശുപത്രിയുടെ പ്രവർത്തനം വലിയ തോതിൽ തടസപ്പെട്ടിരിക്കുകയാണ്.