റിയാദ്: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന ഗാസയിലെ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ദുരിതാശ്വാസമായി കപ്പലും. 1,050 ടൺ വസ്തുക്കളുമായി ആദ്യ കപ്പൽ ഈജിപ്തിലെത്തി.
25 വിമാനങ്ങളിൽ ഉൾക്കൊള്ളാവുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ സഈദ് തുറമുഖത്താണ് കപ്പൽ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗാസയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും.
അതേസമയം, സൗദി അറേബ്യ വിമാനങ്ങളിൽ സഹായം എത്തിക്കുന്നത് തുടരുകയാണ്. ദുരിതാശ്വാസത്തിനുള്ള വസ്തുക്കളുമായി 12-ാമത് വിമാനം ഇന്നലെ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. ഇവിടെയെത്തിക്കുന്ന സഹായങ്ങൾ റഫ അതിർത്തി വഴി ട്രക്കുകളിലാണ് ഗാസയിലെത്തിക്കുന്നത്.
അതിനിടെ ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍നിന്നു 31 നവജാത ശിശുക്കളെ ലോകാരോഗ്യ സംഘടനയും പലസ്തീന് റെഡ് ക്രെസന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. വൈദ്യുതി വിതരണം നിലച്ചത് മൂലം ഇന്‍ക്യുബേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനാൽ ശിശുക്കളുടെ ജീവൻ അപകടത്തിലായിരുന്നു. കുട്ടികളെ റഫായില്‍ എത്തിച്ച ശേഷം ഈജിപ്തിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കം.
നവജാത ശിശുക്കൾക്കു പുറമെ 291 രോഗികളെയും 25 ജീവനക്കാരെയും അല്‍ ഷിഫ ആശുപത്രിയില്‍നിന്നു പുറത്തെത്തിച്ചു. ഹമാസ് താവളമാണെന്ന് ആരോപിച്ച് അല്‍ ഷിഫ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിവരികയാണ്. ഗാസയില്‍ ഇതുവരെ 5000 കുഞ്ഞുങ്ങളടക്കം 12,300 പേര് കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട അറിയിപ്പിലുള്ളത്.