മരട് (കൊച്ചി): ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെമേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പിള്ളി പാറത്തോട് അംബേദ്കർ കോളനിയിലെ പൊടിമറ്റത്തിൽ സാബുവിന്റെ മകൾ സാന്ദ്ര (23) ആണ് മരിച്ചത്.
കൈകാലുകൾക്ക് ഒടിവും തലയ്ക്ക് പരിക്കുമേറ്റ പാലക്കാട് കെന്നൻചേരി അയക്കാട് ചുങ്കത്തോടിയിൽ എം. അജിത്ര (24) ആശുപത്രിയിൽ ചികിത്സയിലാണ്.
വൈറ്റിലയിലെ ഫാസ്റ്റ്ഫുഡ് ഷോറൂമിലെ ജീവനക്കാരായ ഇരുവരും രാത്രി ഭക്ഷണവുമായി ഹോസ്റ്റലിലേക്കു മടങ്ങവേ വൈറ്റിലയിലായിരുന്നു അപകടം.
കുണ്ടന്നൂർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാറാണ് യുവതികളെ ഇടിച്ചുവീഴ്ത്തിയത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ സാന്ദ്ര മരിച്ചു.