സിഡ്നി: ടോംഗ അഗ്നിപർവത സ്ഫോടനം അണുബോംബ് സ്ഫോടനത്തിനു സമമായിരുന്നെന്നും അതിന്റെ ആഘാതത്തിൽനിന്നു ദ്വീപ്നിവാസികൾ മുക്തരായിട്ടില്ലെന്നും യുഎൻ സന്നദ്ധപ്രവർത്തകൻ.
ഹുങ്ക ടോംഗ-ഹുങ്ക ഹപായി എന്ന അഗ്നിപർവ്വതം ശനിയാഴ്ചയാണു പൊട്ടിത്തെറിച്ചത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സുനാമി ഉണ്ടായി.
സുനാമിയും അഗ്നിപർവത സ്ഫോടനവും മൂലം ടോംഗയ്ക്കു പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
അണുബോംബ് സ്ഫോടനമാണോ നടന്നതെന്നു സംശയിച്ചതായി ടോംഗടാപു ദ്വീപിലെ ടോംഗ റെഡ് ക്രോസ് സെക്രട്ടറി ജനറൽ സിനോൻ ടൗമോയിഫുലോ പറഞ്ഞു.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് ദ്വീപിൽ ഭൂകന്പമുണ്ടായി. വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ തടസപ്പെട്ടു.
ന്യൂസിലൻഡിൽനിന്നും ഓസ്ട്രേലിയയിൽനിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വളരെ പരിമിതാണെന്നു ദ്വീപ് നിവാസികൾ പറഞ്ഞു.
കുടിവെള്ളവിതരണമാണു ദ്വീപ് നേരിടുന്ന പ്രധാന പ്രശ്നം. ജലസ്രോതസുകളും ജലവിതരണ സംവിധാനങ്ങളും അഗ്നിപർവതസ്ഫോടനത്തിലെ ചാരം, പൊടി എന്നിവകൊണ്ടു നിറഞ്ഞിരിക്കുകയാണ്.
2,50,000 ലിറ്റർ ശുദ്ധജലവും 70,000 ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ഡിസ്റ്റലേഷൻ പ്ലാന്റുമായി ന്യൂസിലാൻഡിൽനിന്ന് ഒരു കപ്പൽ ടോംഗയിൽ ഇന്നലെയെത്തി. കുടിവെള്ളവാണ് ടോംഗയിൽ അത്യാവശ്യമായി ആദ്യം എത്തിക്കേണ്ടതെന്നു യുഎൻ പറഞ്ഞു.
ഇതിനിടെ, ടോംഗയ്ക്കു ഇന്റർനെറ്റ് സൗകര്യമൊരുക്കുമെന്നു സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് പറഞ്ഞു. മസ്കിന്റെ സ്റ്റാർലിങ്ക് സംവിധാനം വഴിയാകും ഇന്റർനെറ്റ് സൗകര്യം നൽകുക.