നവാസ് മേത്തർ
തലശേരി: “മംഗലം കഴിക്കണ്ട നന്നായി പഠിച്ച് പണി മാങ്ങിക്ക. എന്നിട്ട് സുഖായി ജീവിക്യ.
പറ്റിയ ആളെ എപ്പോഴെങ്കിലും പരിചയപ്പെട്ടാൽ മാത്രം വേണേൽ മംഗലം കഴിച്ചോ ” ഇംഗ്ലീഷ് മറിയം എന്ന മാളിയേക്കൽ മറിയുമ്മ പുതുതലമുറയിലെ പെൺകുട്ടികൾക്ക് നൽകുന്ന ഉപദേശം ഇതായിരുന്നു.
റേഡിയോ ഉള്ള വീട് ചെകുത്താന്റെ വീടാണെന്ന് യാഥാസ്ഥിതികർ വിശ്വസിച്ചിരുന്ന കാലത്ത് റേഡിയോ തന്റെ ചായ്പിൽ വെച്ച് പാട്ടു കേട്ട മറിയുമ്മ പൈതൃക നഗരിയായ തലശേരിയുടെ ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ വനിതയായിരുന്നു.
കാച്ചി തുണിയും തട്ടവും മക്കത്തെ കല്ലിന്റെ മാലയുമണിഞ്ഞ് മൊഞ്ചത്തിയായി തൊണ്ണൂറ്റിയെട്ടാം വയസിലും മണി മണി പോലെ ഇംഗ്ലീഷ് പറഞ്ഞ മറിയുമ്മ ഓർമയായി.
പെൺകുട്ടികളെ പഠിപ്പിക്കുന്നത് തെറ്റായി കണ്ട യാഥാസ്ഥിതികരുള്ള കാലത്താണ് എതിർപ്പുകളെ അതിജീവിച്ച് സാഹസികമായി മുസ്ലിം സമുദായത്തിൽനിന്ന് മറിയുമ്മ ആദ്യമായി ഇംഗ്ലീഷ് വിദ്യഭ്യാസം നേടിയത്.
മതപണ്ഡിതനായ ഒ.വി. അബ്ദുള്ളയുടെ മകളായ മറിയുമ്മയെ 1934 ലാണ് തലശേരി സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിൽ ചേർത്തത്.
സ്കൂളിൽനിന്നും ഒ.വി. റോഡിലൂടെ ഉച്ചയ്ക്ക് നമസ്കരിക്കാനും ഊണു കഴിക്കാനുമായി വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞു മറിയത്തെ യാഥാസ്ഥിതികർ തടഞ്ഞുനിർത്തി.
“മൊയിലാരുടെ മോൾ ഇംഗ്ലീഷ് പഠിക്കാൻ പോകുന്നോ’ എന്നു ചോദിച്ച് മുഖത്ത് കാർക്കിച്ചു തുപ്പി. വിവരമറിഞ്ഞ് വീട്ടുകാർ പിന്നീടുള്ള ദിവസങ്ങളിൽ ഭക്ഷണം സ്കൂളിലെത്തിച്ച് കൊടുത്തു.
കോൺവന്റിലെ മദർ കുഞ്ഞുമറിയത്തിന് സ്കൂളിൽത്തന്നെ നമസ്കരിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു.
പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന മറിയുമ്മ പ്രഭാത നമസ്കാരങ്ങൾക്കും ഖുർആൻ പാരായണത്തിനും ശേഷം ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുകയാണ് പതിവ്.
നൂറു വർഷം പഴക്കവും ഏഴ് തലമുറകളിലായി ആയിരത്തിലേറെ അംഗങ്ങളുമുള്ള മാളിയേക്കൽ തറവാട്ടിലെ ഏറ്റവും മുതിർന്ന അംഗമായ മറിയുമ്മ കുടുംബത്തിലും സമൂഹത്തിലും നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വിമൻസ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരേ പോരാടിയ മറിയുമ്മ വനിതകൾക്കായി തുന്നൽ ക്ലാസുകളും നടത്തിയിരുന്നു.
മുസ്ലിം സ്ത്രീകൾ വീടിനു പുറത്തിറങ്ങാൻ മടിച്ചിരുന്ന അന്നത്തെ കാലത്ത് കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന എംഇഎസ് സമ്മേളനത്തിൽ മറിയുമ്മ നടത്തിയ ഇംഗ്ലീഷ് പ്രസംഗം ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു.
തന്റെ സ്കൂൾ കാലഘട്ടത്തെക്കുറിച്ച് “ഗോൾഡൻ ഡെയ്സ്’ എന്നാണ് മറിയുമ്മ എപ്പോഴും പറയാറ്.
ഹജ്ജ് കർമം നിർവഹിക്കാൻ പോകവെ ചെന്നൈ എയർപോർട്ടിൽ തന്നെ തടഞ്ഞ ഉദ്യാഗസ്ഥരോട് ഇംഗ്ലീഷിൽ വാദിച്ച് വിജയിച്ച ചരിത്രവും മറിയുമ്മയ്ക്കുണ്ട്.
മാളിയേക്കൽ തറവാട്ടിൽ റേഡിയോ വാങ്ങിയതും അക്കാലത്ത് വലിയ സംഭവമായിരുന്നു. നൂറു വർഷം പിന്നിട്ട മാളിയേക്കൽ തറവാട്ടിൽനിന്നാണ് സിനിമാ താരമായിരുന്ന കൊച്ചിൻ ഹനീഫ വിവാഹം കഴിച്ചത്.
1943-ൽ മിലിട്ടറി റിക്രൂട്ട് ഏജന്റായ മായിനലിയാണ് മറിയുമ്മയെ വിവാഹം ചെയ്തത്. പാലേരി മാണിക്യം, പഴശി രാജ, തട്ടത്തിൽ മറയത്ത്, അൻവർ തുടങ്ങിയ നിരവധി സിനിമകളും മറിയമ്മയുടെ മാളിയേക്കൽ തവാടിന്റെ അകത്തളങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്.
മതചിട്ടകൾക്കൊപ്പം കലയും രാഷട്രീയവും ഇഴുകിച്ചേർന്നതായിരുന്നു മറിയുമ്മയുടെ മാളിയേക്കൽ തറവാട്. കെ.പി. കേശവമേനോൻ, പനമ്പള്ളി, എകെജി, സി.എച്ച്. കണാരൻ തുടങ്ങിയ നേതാക്കളെല്ലാം മാളിയേക്കലിൽ എത്തിയിട്ടുണ്ട്.
മാളിയേക്കൽ മറിയുമ്മ ഓർമയായി
തലശേരി: തലശേരി മാളിയേക്കൽ തറവാട്ടിലെ തലമുതിർന്ന അംഗം മാളിയേക്കൽ മറിയുമ്മ (97) യുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചിറക്കര അയ്യലത്ത് പള്ളിയിലെ കബർസ്ഥാനിൽ കബറടക്കി.
മറിയുമ്മ താമസിച്ചിരുന്ന മകളുടെ വീടായ മറിയ മഹലിലും മാളിയേക്കൽ തറവാട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് ഇന്നലെ രാത്രിയിൽ മൃതദേഹം കബറടക്കിയത്.
സിപിഎം നേതാക്കളായ എം.സ്വരാജ്, എം.വി ജയരാജൻ, കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ.രമേശൻ, എംഎൽഎമാരായ എ.എൻ.ഷംസീർ, കടന്നപ്പളളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, തലശേരി നഗരസഭാ ചെയർപേഴ്സൺ ജമുന റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി,
എസ്എൻഡി പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ.ലത്തീഫ്, അഡ്വ.പി.വി.സൈനുദ്ദീൻ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.
ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ.വി. അബ്ദുള്ള സീനിയർ-മാഞ്ഞുമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വി.ആർ. മാഹിനലി (റിട്ട. മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുള്ള (അബ്ബാസ്, വ്യാപാരി), പരേതരായ മഷൂദ്, സാറ.
മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ.കെ. കാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.