കോട്ടയം: മോഷണവും അക്രമ സംഭവങ്ങളും കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിലായി മോഷണ സംഭവങ്ങൾ തുടർക്കഥയാണ്.
കോട്ടയം എസ്എച്ച് മൗണ്ടിൽ രണ്ടു വീടുകളിലും കറുകച്ചാൽ എരുമത്തല പിആർഡിഎസ് മന്ദിരത്തിലുമാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണു എസ്എച്ച് മൗണ്ടിൽ മഠം സ്കൂളിനുസമീപമുള്ള വീടുകളിൽ മോഷ്ടാവെത്തിയത്. ഒരു വീടിന്റെ മൂന്നു ജനാലകൾ തുറക്കാൻ ശ്രമിച്ച മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു മടങ്ങി.
പിന്നാലെ സമീപത്തെ വീട്ടിലെത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടമ്മ ബഹളം വച്ചതോടെ മോഷ്ടാവ് കടന്നു കളഞ്ഞു.
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ല.
എരുമത്തല പിആർഡിഎസ് മന്ദിരത്തിൽ നിന്ന് 20,000 രൂപയോളം നഷ്ടമായി. ഇന്നലെ രാവിലെ മന്ദിരത്തിൽ വിളക്ക് തെളിയിക്കാനായി പൂജാരി എത്തിയപ്പോഴാണ് വാതിൽ തകർത്ത് ഉള്ളിലെ നേർച്ചപ്പെട്ടി കുത്തിപൊളിച്ച് പണം മോഷ്ടിച്ചത് കണ്ടത്.
അലമാര കുത്തിപൊളിച്ച് ലോക്കറിനുള്ളിലുണ്ടായിരുന്ന പണവും മോഷ്ടിച്ചിട്ടുണ്ട്. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് ഒരു വർഷത്തിനുള്ളിൽ നിരവധി മോഷണ പരന്പരകളാണ് ഉണ്ടായിരിക്കുന്നത്.
മോഷണത്തിനു പുറമേ ഇന്നലെ പട്ടാപ്പകലാണ് അക്രമ സംഭവം അരങ്ങേറിയത്. കുമാരനല്ലൂരിൽ ഇന്നലെ ഉച്ചയക്കു 12.30ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വകാര്യ സ്ഥാപന ഉടമയെയും മകനെയും മർദിക്കുകയും മുളകു സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.
കുമാരനല്ലൂർ എസ്ബിഐയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്കിൽ സെപ്റ്റ് പ്രഫഷനൽസ് എന്ന സ്ഥാപനത്തിലാണ് അക്രമണമുണ്ടായത്. സ്ഥാപന ഉടമ മുഹമ്മദ് ഹുസൈൻ, മകൻ സഫീദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേർ സ്ഥാപനത്തിലേക്ക് കടന്നു കയറി അക്രമിക്കുകയായിരുന്നു. ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.