ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യ 8.2 ശതമാനം വളർന്നു. ആ വളർച്ചയിൽ അസാധാരണമായി ഒന്നുമില്ലായിരുന്നു. കാരണം തലേവർഷം അതേ ത്രൈമാസത്തിൽ വളർച്ച തീരെക്കുറവായിരുന്നു. 5.6 ശതമാനം മാത്രം വളർച്ചയേ 2017 ഏപ്രിൽ-ജൂണിൽ ഉണ്ടായുള്ളൂ. കറൻസി നിരോധനത്തിന്റെ തുടർ ഫലമായിരുന്നത്. ഈ വർഷമായപ്പോൾ പഴയതോതിലേക്ക് കാര്യങ്ങൾ തിരിച്ചെത്തി. അതു കണക്കിന്റെ ഭാഷയിൽ വന്നപ്പോൾ വലിയ വ്യത്യാസമായി തോന്നി.
ഈ സാന്പത്തിക വർഷം ഒന്നാം ത്രൈമാസത്തിന്റെ കാര്യം അങ്ങനെ വ്യാഖ്യാനിക്കാം. എന്നാൽ രണ്ടാം ത്രൈമാസം വളർച്ച ചുരുങ്ങിയത് എങ്ങനെ ന്യായീകരിക്കും? രണ്ടാം ത്രൈമാസത്തിൽ കഴിഞ്ഞവർഷം 6.3 ശതമാനമായിരുന്നു വളർച്ച. ഇപ്പോൾ അതേ കാലത്ത് 7.1 ശതമാനം മാത്രം
താഴോട്ട്, താഴോട്ട്
ഇതിൽ ഒരു ക്രമം കാണാനാകും. 2017-18 ലെ ഓരോ ത്രൈമാസത്തിലും ജിഡിപി വളർച്ച കൂടിയിരുന്നു. 5.6, 6.3, 7, 7.7 എന്ന തോതിൽ. ഈ സാന്പത്തികവർഷം 8.2, 7.1 എന്നതാണു ക്രമം.
ഈ ക്രമം തുടർന്നാൽ ഇപ്പോഴത്തെ ത്രൈമാസത്തിലും ജനുവരി -മാർച്ചിലും വളർച്ച കുറയണം. മിക്ക നിരീക്ഷകരും റിസർവ് ബാങ്കും ഐഎംഎഫും റേറ്റിംഗ് ഏജൻസികളും പറഞ്ഞിട്ടുള്ളതു രണ്ടാം പകുതിയിൽ വളർച്ച കുറവാകുമെന്നാണ്. അതിനർഥം 7.1 ൽ നിന്നു ക്രമമായ കുറവ് അടുത്ത ത്രൈമാസങ്ങളിൽ ഉണ്ടാകാം. ആ സാഹചര്യത്തിൽ ചൈനയുടേതിലും കൂടുതലാണ് ഇപ്പോഴത്തെ വളർച്ചയെന്ന വാദം ആർക്കും രസിക്കണമെന്നില്ല.
ജിഡിപി കണക്കുകൂട്ടലിൽ പൊളിച്ചെഴുത്തു നടത്തി മുൻകാല വളർച്ച കുറച്ചു കാണിച്ചിട്ടു രണ്ടുദിവസം കഴിഞ്ഞതേ ഉള്ളൂ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വിശ്വാസ്യത പാടേ പോയ സമയം. ഇനിവരുന്ന ജിഡിപി സംഖ്യകളും ചുരുങ്ങുകയാണെങ്കിൽ സർക്കാരിനു വെല്ലുവിളികൾ ഉയരും.
സംഖ്യയല്ല; തൊഴിലാണിത്
ജിഡിപി വളർച്ച കേവലം സംഖ്യകളോ കോടികളുടെ കണക്കോ അല്ല. അതു വരുമാനത്തിന്റെയും തൊഴിലിന്റെയും കണക്കാണ്. രണ്ടാം ത്രൈമാസത്തിൽ 33.98 ലക്ഷം കോടി രൂപയാണു ജിഡിപി എന്നു പറഞ്ഞാൽ ഇക്കാലത്തെ ഉത്പാദനത്തിന്റെയും സേവനങ്ങളുടെയും മൊത്തം മൂല്യം അത്രയുമാണെന്നാണ്. അതു സാധനങ്ങളുടെ വിലയായും സേവനത്തിന്റെ പ്രതിഫല (ശന്പളം/കൂലി) മായും ജനങ്ങൾക്കു കിട്ടുന്നു. ജിഡിപി കൂടുന്പോൾ കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാകുന്നു.
പ്രതിവർഷം പുതുതായി 1.2 കോടി പേർക്ക് തൊഴിൽ നല്കേണ്ടതുണ്ട്. അതു സാധിക്കാൻ ഒൻപതു ശതമാനത്തിലധികം വളർച്ച വേണം. അത് ഉടനെങ്ങും നടക്കില്ലെന്ന് പുതിയ ജിഡിപി കണക്ക് വ്യക്തമാക്കുന്നു. യുപിഎ കാലത്ത് സാദാ ബിരുദക്കാർക്കും കാന്പസ് റിക്രൂട്ട്മെന്റ് ലഭിച്ചിരുന്നു. ഇപ്പോൾ പ്രഫഷണൽ ബിരുദക്കാർക്കു പോലും പണിയില്ല. വളർച്ചത്തോത് കുറയുന്നതിന്റെ പ്രത്യാഘാതം.
സന്തുഷ്ടിക്കു വകയില്ല
ഒന്നാം ത്രൈമാസത്തിൽ 5.3 ശതമാനം വളർന്ന കാർഷിക മേഖല ഇത്തവണ 3.8 ശതമാനമേ വളർന്നുള്ളൂ. കർഷക പ്രക്ഷോഭങ്ങൾ കൂടുന്നതിനു കൂടുതൽ വിശദീകരണം ആവശ്യമില്ല. ഫാക്ടറി ഉത്പാദന വളർച്ച 13.5 ശതമാനത്തിൽനിന്ന് 7.4 ശതമാനമായി താണു. തൊഴിൽ കൂടാത്തതിന്റെ കാരണം ഇതിൽ കാണാം.
അർധവാർഷിക വളർച്ച 7.6 ശതമാനം ഉണ്ടെന്നതിൽ കേന്ദ്ര ധനകാര്യ സർവീസസ് സെക്രട്ടറി സുഭാഷ് ചന്ദ്രഗാർഗ് സന്തുഷ്ടി പ്രകടിപ്പിച്ചു.
അടുത്ത അർധവർഷം വളർച്ച ഇതിലും കുറവാകുന്പോൾ എന്താകും അദ്ദേഹം പറയുക? അടുത്ത മേയ് 30-നേ വാർഷിക കണക്ക് പുറത്തു വരൂ. അപ്പോഴേക്കു രാഷ്ട്രീയ കാലാവസ്ഥ മാറിയാൽ പ്രതികരണം ആവശ്യമായി വരില്ല.
റ്റി.സി. മാത്യു