ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തിക(ജിഡിപി) വളർച്ച സംബന്ധിച്ച മോദിസർക്കാരിന്റെ കണക്കിലെ തട്ടിപ്പ് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്.
മോദിക്കു മുന്പുണ്ടായിരുന്ന യുപിഎ സർക്കാരിന്റെ കാലത്തെ വളർച്ചത്തോത് കുറച്ചുകാണിക്കാനും മോദിയുടെ കാലത്തെ വളർച്ച വലുതാണന്നു വരുത്താനും വേണ്ടി കണക്കിൽ കൃത്രിമം കാണിച്ചെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. അതു ശരിവയ്ക്കുന്നതാണു പുതിയ വിവരം.
2015ലാണു ജിഡിപി കണക്കാക്കൽ രീതിയും അതിന്റെ അടിസ്ഥാനവർഷവും മാറ്റിയത്. ഇങ്ങനെ മാറ്റിയപ്പോൾ ഉപയോഗിച്ച സ്ഥിതിവിവരക്കണക്കുകൾ ശരിയല്ലെന്നാണ് ഇപ്പോൾ വ്യക്തമായത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സാന്പിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) ആണ് തെറ്റ് ചൂണ്ടിക്കാട്ടിയത്.
കന്പനികാര്യ മന്ത്രാലയത്തിലെ എംസിഎ-21 എന്ന ഒരു ഡാറ്റാബേസ് ആണ് വ്യവസായ വളർച്ചയുടെ കണക്കെടുക്കാൻ 2015ലെ തിരുത്ത് മുതൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഉപയോഗിക്കുന്നത്. ഈ ഡാറ്റാ ബേസിൽ ഉള്ള കണക്കുകളിൽ 36 ശതമാനം പ്രവർത്തിക്കാത്തതോ നിലവിലില്ലാത്തതോ ആയ കന്പനികളുടേതാണെന്ന് എൻഎസ്എസ്ഒ കണ്ടെത്തി. ഇല്ലാത്തതോ പ്രവർത്തിക്കാത്തതോ ആയ കന്പനികളുടെ വ്യാജ കണക്കുകൾ ചേർത്ത് ജിഡിപി കണക്കാക്കുന്പോൾ അതിലെ തെറ്റ് വലുതായിരിക്കും.
യുപിഎ ഭരണകാലത്ത് 10.3 ശതമാനം വരെ വളർച്ച ഉണ്ടായി എന്ന് മോദിസർക്കാരിന്റെ കാലത്തുതന്നെ എൻഎസ്എസ്ഒയുടെ ഒരു പഠന സംഘം കണ്ടെത്തിയിരുന്നു. ആ റിപ്പോർട്ട് പൂഴ്ത്തിവച്ചശേഷം വളർച്ച 8.5 ശതമാനം വരെയേ ഉണ്ടായുള്ളൂ എന്നു കാണിക്കുന്ന ഒരു റിപ്പോർട്ട് സിഎസ്ഒ പുറത്തുവിട്ടു. അന്നുതന്നെ റിപ്പോർട്ടിന്റെ വിശ്വാസ്യതയും കൃത്യതയും ചോദ്യംചെയ്യപ്പെട്ടിരുന്നു.
എൻഎസ്എസ്ഒ മറ്റൊരു സർവേയുടെ ഭാഗമായി എംസിഎ-21ലെ കന്പനികളെ സമീപിച്ചപ്പോഴാണു നല്ല പങ്കും പ്രവർത്തിക്കുന്നതല്ലെന്നു മനസിലായത്. സിഎസ്ഒയുടെയും അതുവഴി സർക്കാർ കണക്കുകളുടെയും വിശ്വാസ്യത പാടേ തകർക്കുന്നതാണ് ഈ കണ്ടെത്തൽ. കണക്കെഴുത്തു രീതി മാറ്റിയ കാലത്ത് ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ ആയിരുന്ന ടിസിഎ അനന്ത് ഇതേപ്പറ്റി പ്രതികരിക്കാൻ വിസമ്മതിച്ചു. റിട്ടയർ ചെയ്തശേഷം യുപിഎസ്സി അംഗമായി പ്രവർത്തിക്കുകയാണ് അദ്ദേഹം.