വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ ഏഴാമത്തെ വലിയ സന്പദ്ഘടന. 2017-ൽ 2.65 ലക്ഷം കോടി ഡോളർ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യോടുകൂടിയാണ് ഇന്ത്യ ഏഴാം സ്ഥാനം നിലനിർത്തിയതെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പറയുന്നു. 2018 ലും ഇന്ത്യ ഏഴാം സ്ഥാനം നിലനിർത്തും.
ഫ്രാൻസിനെ പിന്തള്ളി 2017 ൽ ഇന്ത്യ ആറാം സ്ഥാനത്തായെന്ന് ചിലർ റിപ്പോർട്ട് ചെയ്തെങ്കിലും ഐഎംഎഫിന്റെ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വേൾഡ് ഇക്കണോമിക് ഔട്ലുക്ക് അങ്ങനെ പറയുന്നില്ല.
2017-ൽ ഇന്ത്യയുടെ ജിഡിപി 2.65 ലക്ഷം കോടി ഡോളറാണ്. ആ സമയത്ത് ഫ്രാൻസിന്റേത് 2.87 ലക്ഷം കോടി ഡോളർ വരും. ഇന്ത്യയുടേതിലും കൂടുതൽ. 2018-ൽ ഇന്ത്യൻ ജിഡിപി 2.85 ലക്ഷം കോടി ഡോളറിൽ എത്തുന്പോൾ ഫ്രാൻസ് 2.93 ലക്ഷം കോടി ഡോളറുമായി മുന്നിലാകും. എന്നാൽ 2019 ൽ ഇന്ത്യ ഫ്രാൻസിനെയും ബ്രിട്ടനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്.
എന്നാൽ ക്രയശേഷി തുല്യത (പിപിപി – ഔദ്യോഗിക വിനിമയനിരക്കിനു പകരം ഓരോ കറൻസികൊണ്ടും വാങ്ങാവുന്ന അവശ്യസാധനങ്ങളുടെ തോത് താരതമ്യം ചെയ്യുന്ന പർച്ചേസിംഗ് പവർ പാരിറ്റി രീതി) നോക്കിയാൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സന്പദ്ഘടനയാണ്. ആ രീതിയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്.
ചൈനയുടെ 2018-ലെ ജിഡിപി പ്രസ്തുത രീതിയിൽ 25.24 ലക്ഷം കോടി ഡോളറിനു തുല്യമാണ്. അമേരിക്കയുടേത് 20.24 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 10.39 ലക്ഷം കോടി ഡോളറുമായിരിക്കും.