ന്യൂഡൽഹി: ഇന്ത്യയിലെ കർഷകരുടെ വരുമാനം കുറയുകയും ചെലവുകൾ കൂടുകയുമാണെന്ന് കേന്ദ്രസർക്കാരിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ വ്യക്തമാക്കി. കാർഷിക മേഖലയിലെ ജിഡിപി ഗണ്യമായി കുറഞ്ഞതായും 2018-19ലെ കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് (സിഎസ്ഒ) പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലുണ്ട്.
രാജ്യത്തെ കാർഷിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണു ജിഡിപിയിലെ കാർഷിക മേഖലയുടെ വിവരങ്ങളെന്നു കാർഷിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. 2018-19 വർഷത്തിൽ രാജ്യത്ത് 3.8 ശതമാനം മാത്രമാണു കാർഷിക വളർച്ച രേഖപ്പെടുത്തിയത്. 2016- 17ന്റെ തുടക്കത്തിൽ 7.1 ശതമാനം വളർച്ച നേടിയ ശേഷമാണു കാർഷികമേഖല വീണ്ടും തളർന്നത്.
പണപ്പെരുപ്പം കണക്കിലെടുത്താലും ഇല്ലെങ്കിലും 2018-19ലെ 3.8 ശതമാനം വളർച്ചാനിരക്കിൽ മാറ്റമില്ല. വെറുമൊരു സംഖ്യ മാത്രമല്ല ഇതെന്നും കർഷകരുടെ വരുമാനം കുറയുന്നതിന്റെയും ചെലവുകൾ കൂടുന്നതിന്റെയും വ്യക്തമായ തെളിവുകൂടിയാണിതെന്നും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞനായ പ്രഫ. ഹിമാൻഷു വിശദീകരിച്ചു. കർഷകരുടെ വരുമാനത്തിലെ കുറവാണു കാർഷികമേഖലയിലെ പണപ്പെരുപ്പ നിരക്ക് കൂടാതിരിക്കാൻ പ്രധാന കാരണം. കാർഷികോത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കുന്നില്ലെന്നു ചുരുക്കം.
കാർഷിക മേഖലയുടെ ജിഡിപി 2017ലെ അവസാന മൂന്നു മാസക്കാലത്ത് 5,66,682 കോടി രൂപയായിരുന്നത് 2018 ജൂലൈ മുതലുള്ള മൂന്നു മാസത്തിൽ 3,46,101 കോടി രൂപയായി കുത്തനെ ഇടിഞ്ഞതായും കണക്കുകൾ വ്യക്തമാക്കി. 2011 മുതൽ 2017 വരെ മൂന്നു മാസക്കാലത്തെ കണക്കുകളിൽ കാർഷികമേഖലയിലെ മൊത്ത ഉത്പാദനം ശരാശരി 4,04,784 കോടി രൂപയായിരുന്നു. കാർഷിക മേഖലയുടെ വളർച്ചയിലും ഉത്പാദനത്തിലും ഉണ്ടായ ഇടിവ് രാജ്യത്തെ കാർഷിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയാണ്.
കേരളത്തിലടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കാർഷികോത്പന്നങ്ങളുടെ വിലയിടിവും കൃഷിച്ചെലവുകൾ കൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വിത്ത്, വളം, കീടനാശിനി എന്നിവ മുതൽ കൂലികൾ വരെയുള്ള ചെലവുകളെല്ലാം കൂടുകയാണ്. എന്നാൽ കൃഷിയിൽ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയും ചെയ്തു. ഭൂരിപക്ഷം കർഷകർക്കും ലാഭം ഇല്ലെന്നതിനേക്കാളേറെ കൃഷിയിലെ നഷ്ടങ്ങളും കടക്കെണികളുമാണു മുന്നിലുള്ളത്.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാർഷികോത്പാദനം കൂടിയപ്പോൾ ന്യായവില കിട്ടാതെ പോയതാണ് പ്രശ്നമായത്. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ കാർഷിക വിളകളുടെ ഉത്പാദനത്തിൽ റിക്കാർഡ് വർധനയുണ്ട്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പോലും കിട്ടാതെ നഷ്ടത്തിൽ ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ടി വന്നു. സവോള, കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയവയാണ് ഇത്തരത്തിൽ വലിയ പ്രതിസന്ധിയിലായത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ രോഷാകുലരായ കർഷകരാണ് മുഖ്യമായും ഭരണത്തിലുണ്ടായിരുന്ന സർക്കാരുകളെ താഴെയിറക്കിയതെന്നാണു ബിജെപിയുടെ വിലയിരുത്തൽ. കാർഷിക മേഖലയിലെ പ്രതിസന്ധിക്കെതിരേ ഡൽഹി, മുംബൈ, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട, പശ്ചിമ ബംഗാൾ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും വലിയ കർഷക റാലികളും നടന്നു.
ഉത്പാദനച്ചെലവും അതിനു പുറമേ 50 ശതമാനം കൂടുതലായും കർഷകർക്കു വരുമാനം ഉറപ്പാക്കുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഫലത്തിൽ കർഷകരെല്ലാം നഷ്ടത്തിലായെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.
ജോർജ് കള്ളിവയലിൽ