കൊച്ചി: സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹാഷ് ഫ്യൂച്ചർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.
കേരളം സാന്പത്തിക മുന്നേറ്റത്തിലാണ്. ഐടി, വാണിജ്യം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ട്. കഐസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നിർദേശം പ്രായോഗികമായി ഗുണകരമാകും. ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്നും രാജ്യത്തെ സാന്പത്തിക മേഖലയെ അതു പാടെ മന്ദീഭവിപ്പിച്ചെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ചരക്കുസേവന നികുതി ഏർപ്പാടാക്കിയതിൽ തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യവസായ മേഖലകളിൽ ഇപ്പോഴിതു പ്രാവർത്തികമായി വരുന്നുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്കു സാന്പത്തിക മേഖലയെ ഉയർത്താൻ ജിഎസ്ടിക്കു കഴിയുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.