അങ്ങനെ പലതും പറയും അതുപോലെ കല്യാണം നടത്താനാകുമോ? ഇടത് എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ കല്യാണം കണ്ട് ജനങ്ങള്‍ ഞെട്ടി, സ്വര്‍ണത്തില്‍ കുളിപ്പിച്ച എംഎല്‍എയ്‌ക്കെതിരേ പരിഹാസം

GEETHA-GOPI-DAUGHTER-WEDDINGസിപിഐ എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവാഹം പരമാവധി ലളിതമാകണമെന്ന സിപിഐ നിലപാടിന് വിരുദ്ധമായാണ് എംഎല്‍എ മകളുടെ വിവാഹം നടത്തിയതെന്നാണ് ആക്ഷേപം. വിവാഹ ദിനത്തില്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന എംഎല്‍എയുടെ മകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ആഡംബംരം ഒഴിവാക്കി വിവാഹങ്ങള്‍ ലളിതമാക്കണമെന്ന ചര്‍ച്ച മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുന്നതിനിടെ ഡെസ്കിലടിച്ച് പിന്തുണ പ്രഖ്യാപിച്ച സിപിഐ നേതാവാണ് ഗീതാ ഗോപി. എന്നാല്‍ അതേ ഗീത സ്വന്തം മകളുടെ വിവാഹം നടന്നപ്പോള്‍ പ്ലേറ്റ് തിരിച്ചെന്ന ആരോപണമാണ് ഉയരുന്നത്.

ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സര്‍വ്വാഭരണ വിഭൂഷിതയായ വധുവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രമുഖ നേതാക്കളെയെല്ലാം ക്ഷണിച്ച് ഗംഭീരമാക്കി നടത്തിയ വിവാഹത്തിന്റെ ചിത്രം ഉപയോഗിച്ച് സിപിഐക്കെതിരേയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും ട്രോളുകളും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ സി.പി.ഐ നേതൃത്വം നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയ സിപിഐ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ നടത്തിയ വിവാഹത്തെ കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരമൊരു കല്ല്യാണത്തിന് എംഎല്‍എ വഴങ്ങിയതെന്നും സൂചനയുണ്ട്.

വിവാഹങ്ങള്‍ ലളിതമാക്കി കൊണ്ട് ഇക്കാര്യത്തില്‍ മാതൃകകള്‍ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനിടെയായിരുന്ന മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയത്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്ല്യാണത്തിലെ ലാളിത്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങള്‍ക്കെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള സിപിഐ നേതാവാണ് ഗീത ഗോപി. 1995 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍നിന്നും രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. 2011 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേര്‍സണായിരുന്നു. 2009 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 മുതല്‍ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്.

Related posts