മകൾക്ക് ബന്ധുക്കൾ വിവാഹവേദിയിൽ സ്വർണാഭരണങ്ങൾ സമ്മാനിച്ചിരുന്നുവെന്നും ബന്ധുക്കൾ തരുന്ന സമ്മാനങ്ങൾ വേണ്ടെന്ന് പറഞ്ഞ് തട്ടിമാറ്റാൻ കഴിയില്ലെന്നും ഗീതഗോപി എംഎൽഎ. മകളുടെ വിവാഹം ആഡംബര ആഘോഷ വിവാഹമായിരുന്നില്ലെന്നും ഇതുസംബന്ധിച്ച് പാർട്ടിക്ക് ഏതു തരം അന്വേഷണവും നടത്താമെന്നും ഗീതഗോപി എംഎൽഎ രാഷ്ട്രദീപികയോടു പറഞ്ഞു.
വിവാദം സംബന്ധിച്ച് ഇന്നുച്ചയ്ക്ക് പാർട്ടി ജില്ലാ സെക്രട്ടറിയെ കണ്ട് വിശദീകരണം നൽകുമെന്നും ഗീതഗോപി പറഞ്ഞു. ആഡംബരവിവാഹം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പാർട്ടിക്ക് നൽകുന്ന വിശദീകരണത്തിൽ ഇക്കാര്യം തന്നെയായിരിക്കും വിശദീകരിക്കുകയെന്നും എംഎൽഎ പറഞ്ഞു.
വിവാഹത്തിന്റെ പല കാര്യങ്ങളും ഒരുക്കിയത് ബന്ധുക്കളാണെന്നും സദ്യ ഇലയൊന്നിന് നൂറുരൂപപോലും ആയില്ലെന്നും അവർ പറഞ്ഞു. 250 പവന്റെ ആഭരണങ്ങൾ മകൾക്ക് നൽകിയെന്നും തലേദിവസത്തെ പാർട്ടിക്ക് ആറുതരം മത്സ്യവും ആറുതരം ഇറച്ചിയുമായിരുന്നു വിഭവങ്ങളെന്നും വേദി അലങ്കരിച്ചത് രണ്ടു ലക്ഷത്തിന്റെ മുല്ലപ്പൂ കൊണ്ടാണെന്നുമൊക്കെയുള്ള തെറ്റായ പ്രചരണങ്ങളാണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നടക്കുന്നതെന്നും ഗീതഗോപി പറഞ്ഞു.
സ്വപ്നത്തിൽ പോലും കരുതാത്ത കാര്യമാണ് പറഞ്ഞു പരത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മകളെ വിവാഹം ചെയ്തു കൊടുക്കുന്പോൾ ഉള്ള നാട്ടുനടപ്പു മാത്രമാണ് ചെയ്തത്. അതിൽ കൂടുതലൊന്നും ചെയ്തിട്ടില്ല. സദ്യക്കു പോലും പരിമിതമായ തുകയേ ചിലവാക്കിയിട്ടുള്ളു. ഇക്കാര്യം വിവാഹത്തിൽ പങ്കെടുത്ത നേതാക്കൾക്കുമറിയാം. എല്ലാം വളരെ സുതാര്യമാണ്. എന്റെ പാർട്ടി പറയുന്നതിനപ്പുറം ഞാൻ മുന്നോട്ടുപോയിട്ടില്ലെന്നും അവർ വിശദീകരിച്ചു.
ആഡംബര വിവാഹം എംഎൽഎ ഇന്ന് വിശദീകരണം നൽകും
തൃശൂർ: മകളുടെ ആഡംബര വിവാഹവിവാദത്തിൽ കുടുങ്ങിയ ഗീതഗോപി എംഎൽഎ ഇന്ന് പാർട്ടി ജില്ല കമ്മിറ്റിക്ക് വിശദീകരണം നൽകും. സർവാഭരണ ഭൂഷിതയായി നിൽക്കുന്ന ഗീതഗോപി എംഎൽഎയുടെ മകളുടെ വിവാഹഫോട്ടോ ഏറെ വിവാദമായിരുന്നു. ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കണമെന്ന് സിപിഐ നിലപാടെടുത്തതിന് പിന്നാലെ സിപിഐയുടെ എംഎൽഎ ഇത്തരമൊരു വിവാദത്തിൽ പെട്ടത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. സിപിഐ മഹിളാസംഘം നേതാവുകൂടിയായ ഗീതഗോപി എംഎൽഎയോട് വിശദീകരണം തേടാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിശദീകരണം ലഭിച്ച ശേഷം ജില്ല കൗണ്സിൽ അന്വേഷിച്ച് റിപ്പോർട്ടു നൽകും.
പാർട്ടി നിലപാട് എംഎൽഎയ്ക്ക് അറിയാം: കെ.കെ.വത്സരാജ്
പാർട്ടി നിലപാടുകൾ എംഎൽഎക്ക് നന്നായി അറിയാം. പാർട്ടിയിലെ ഉന്നത നേതാക്കളും ജനപ്രതിനിധികളും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. ആവശ്യമെങ്കിൽ വീഡിയോയും ഫോട്ടോകളും നൽകാൻ ആവശ്യപ്പെടും. വിശദീകരണം പാർട്ടി ജില്ലാതലത്തിൽ ചർച്ച ചെയ്യും. സംസ്ഥാനതലത്തിലേക്ക് ഇതിന്റെ റിപ്പോർട്ടുകൾ നൽകും.