പുതിയ കാര്ഷിക നിയമങ്ങള് കര്ഷകരുടെ വരുമാനം കൂട്ടുമെന്ന് ഐഎംഎഫ്(അന്താരാഷ്ട്രനാണയനിധി) മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
എന്നാല് ദുര്ബലരായ കൃഷിക്കാര്ക്ക് സാമൂഹിക സുരക്ഷാവലയമൊരുക്കേണ്ടതുണ്ടെന്നും കാര്ഷിക നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് അവര് മറുപടി പറഞ്ഞു.അടിസ്ഥാനസൗകര്യങ്ങളിലടക്കം ഇന്ത്യയിലെ കാര്ഷികരംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങള് അനിവാര്യമാണ്.
പുതിയ നിയമങ്ങള് വിപണനത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കുന്നതാണിത്. നികുതിയടയ്ക്കാതെ ചന്തകള്ക്കുപുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉത്പന്നങ്ങള് വില്ക്കാനുള്ള സൗകര്യം കര്ഷകരുടെ വരുമാനം വര്ധിപ്പിക്കും.
ഏതൊരു പരിഷ്കാരം നടപ്പാക്കുന്നതിനും പരിവര്ത്തനച്ചെലവുകള് ആവശ്യമുണ്ട്. ഇത് ദുര്ബലരായ കര്ഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിഷയത്തില് ഇപ്പോള് ചര്ച്ച നടക്കുകയാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.