തിരുവനന്തപുരം: ഏറെ വിവാദമായ ഒരു നടപടിയായിരുന്നു ഗീതാ ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയപ്പോള്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഇക്കുറി ഹോര്‍ട്ടികോര്‍പിനു പച്ചക്കറി നല്‍കുന്ന കരാറുകാരനായി ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥന്‍ എത്തിയതാണ് വിവാദ കാരണം. ഉന്നതബന്ധങ്ങളുള്ളവര്‍ക്കു മുന്നില്‍ മുട്ടുമടക്കാത്ത ചട്ടങ്ങളുണ്ടാകില്ലെന്നു തെളിയിച്ചാണ് ഗോപിനാഥനു ഹോര്‍ട്ടി കോര്‍പ് കരാര്‍ നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയ്ക്ക് സൗജന്യമായി ഉപദേശം നല്‍കുന്നതിന്റെ മറവില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ അച്ഛന് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാനുള്ള കൈസഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പച്ചകറികള്‍ മാത്രമേ ഹോര്‍ട്ടികോര്‍പ്പിലൂടെ വില്‍പ്പന നടത്തുകയുള്ളുവെന്ന കൃഷി വകുപ്പിന്റെ ഉറപ്പാണ് ഇപ്പോള്‍ പാഴ്‌വാക്കായിരിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിച്ചു വിതരണം ചെയ്യണമെന്ന ചട്ടമാണ് ഗോപിനാഥനുവേണ്ടി ഹോര്‍ട്ടികോര്‍പ് അട്ടിമറിച്ചിരിക്കുന്നത്.
ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള മൈസൂരിലെ രയിതമിത്ര സംരംഭത്തില്‍നിന്നാണ് ലക്ഷക്കണക്കിനു രൂപയുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്നത്. 2016 ഡിസംബറില്‍ മാത്രമാണ് രയിതമിത്ര എന്ന സംരംഭം രൂപീകൃതമായത്. ഡിസംബര്‍ മുതല്‍ തന്നെ ഹോര്‍ട്ടികോര്‍പ്പിന് ഇവര്‍ പച്ചക്കറി വിതരണം ചെയ്ത് തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ഒരു വിപണന പങ്കാളിത്തത്തിലെത്തണമെങ്കില്‍ നിരവധി നൂലാമാലകള്‍ കടക്കണമെന്നിരിക്കെയാണ് ഒരു കമ്പനി രൂപീകരിച്ച് അതേ മാസം തന്നെ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാനും തുടങ്ങിയത്.
കര്‍ഷകരില്‍നിന്നും നേരിട്ട് പച്ചക്കറി വാങ്ങാന്‍ മാത്രമേ ഹോര്‍ട്ടികോര്‍പ്പിന് അവകാശമുള്ളു. എന്നാല്‍ അതിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു സംഘം കര്‍ഷകരുടെ പേരിലാണ് രയിതമിത്ര എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷകന്റെ സുഹൃത്ത് എന്നാണ് രയിതമിത്ര എന്ന വാക്കിന്റെ അര്‍ഥം. ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ഒരു കുടിശ്ശികപോലും ബാക്കി വയ്ക്കാതെ ഹോര്‍ട്ടികോര്‍പ്പ് രയിതമിത്രയുമായി നടത്തിയത്. ലക്ഷക്കണക്കിന് രൂപയാണ് പച്ചക്കറി ശേഖരിച്ച ഇനത്തില്‍ ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത്. സ്വന്തം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ബാധ്യതകള്‍ കൊടുത്ത് തീര്‍ക്കാനുള്ളപ്പോഴാണ് അന്യസംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറി ഇവിടെക്കൊണ്ടുവന്ന് യഥേഷ്ടം വില്‍ക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കുന്നുവെന്ന കാര്യം ഗോപിനാഥ് തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെട്ട് റിപ്പോര്‍ട് തേടിയെങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ് ഹോര്‍്ട്ടിക്കോര്‍പ്പ് ചെയര്‍മാനും സംവിധായകനുമായ വിനയന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച്് അറിയില്ലെന്നു പറഞ്ഞാണ് വിനയന്‍ കൈമലര്‍ത്തുന്നത്. ജൈവകൃഷി നടത്തിയ പച്ചക്കറികളാണ് സംഭരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടെന്നും വിനയന്‍ പറയുന്നു. അന്‍പത്തിയൊന്നോളം ഇനം പച്ചക്കറികള്‍ ആവശ്യമുള്ള സംസ്ഥാനത്ത് കൃഷി നടക്കുന്നത് പതിനഞ്ച് ഇനത്തില്‍ താഴെ മാത്രം. സംസ്ഥാനത്തിന് പുറത്തുള്ള പച്ചക്കറികള്‍ സംഭരിക്കില്ലെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും വിനയന്‍ പറയുന്നു. ഈ വിഷയം കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് ചര്‍ച്ചയായത്.