ന്യൂഡൽഹി: ബുറാഡിയിൽ കുടുംബത്തിലെ 11 പേർ കൂട്ടത്തോടെ ജീവനൊടുക്കിയതിനുപിന്നിൽ ആൾദൈവത്തിന്റെ ഇടപെടലെന്ന് സൂചന.ഗീതാ മാ എന്നപേരിലറിയപ്പെടുന്ന ആൾദൈവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് അറിയുന്നത്. ശനിയാഴ്ച കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീതാ മാ പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്.
കുടുംബം താമസിച്ചിരുന്ന ബുറാഡിയിലെ വീടു നിർമിച്ച കോണ്ട്രാക്ടറുടെ മകളാണ് താന്ത്രികാചാരങ്ങൾ നടത്തിവരുന്ന ഗീതാ മാ. താന്ത്രിക കർമങ്ങൾക്കാണെന്നു നടിച്ച് സമീപിച്ചവരോടാണ് ഇവർ ഇക്കാര്യങ്ങൾ പറയുന്നത്. ഈ ദൃശ്യങ്ങൾ ഒളികാമറവെച്ച് ചിത്രീകരിക്കുകയായിരുന്നു.
കുടുംബത്തിലാരെയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും പിതാവുവഴി പരിചയമുണ്ടായിരുന്നു. തന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരിൽക്കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂട്ടമരണം നടന്ന ശനിയാഴ്ച തന്നെ വന്നുകാണാൻ അവരോട് ആവശ്യപ്പെട്ടിരുന്നതായും ഗീതാ മാ വീഡിയോയിൽ പറയുന്നുണ്ട്.