ഗീതയുടെ നിലവിളി കേട്ട് കണ്ടുനിന്നവര്‍ക്ക് പോലും വേദന അനുഭവപ്പെട്ട നിമിഷങ്ങള്‍! യന്ത്രം ഓഫ് ചെയ്തിട്ടും വിരലുകള്‍ കുടുങ്ങിക്കിടന്നു; കോട്ടയത്ത് നടന്ന ദാരുണ സംഭവം

കണ്ടുനിന്നവര്‍ക്കു പോലും വേദന അനുഭവപ്പെടുന്നത്ര കഠിന മണിക്കൂറുകളിലൂടെയാണ് ഗീത എന്ന യുവതി ഇന്നലെ കടന്നുപോയത്. കരിമ്പിന്‍ ജ്യൂസ് അടിക്കുന്നതിനിടെ യന്ത്രത്തില്‍ കൈവിരലുകള്‍ കുടുങ്ങിയ ഗീത അനുഭവിച്ച വേദന എത്രമാത്രമായിരിക്കുമെന്ന ഊഹിക്കാമല്ലോ.

മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം വഴിയരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീത. ജ്യൂസ് തയാറാക്കാനായി യന്ത്രത്തിലേക്കു കരിമ്പു കയറ്റുമ്പോള്‍ അബദ്ധത്തില്‍ വലതുകൈ വിരലുകളും കയറിപ്പോയി. നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്‌തെങ്കിലും വിരലുകള്‍ കുടുങ്ങിനിന്നു.

ബസുകളില്‍ വന്നവര്‍ പോലും സംഭവം അറിഞ്ഞ് ഇറങ്ങി സഹായിക്കാനെത്തി.എല്ലാവരും ശ്രമിച്ചെങ്കിലും ഗീതയുടെ വിരലുകള്‍ യന്ത്രത്തിനുള്ളില്‍നിന്ന് എടുക്കാനായില്ല.

ഗീതയുടെ അസഹ്യമായ വേദന, കണ്ടുനിന്നവരെയും സങ്കടത്തിലാക്കി. മണര്‍കാട്ടുനിന്ന് എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുമെത്തി.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുക്കുകയായിരുന്നു. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടു വിരലുകള്‍ പൂര്‍ണമായി ചതഞ്ഞിരുന്നു. വിരലുകളിലെ ഞരമ്പു മുറിഞ്ഞിട്ടുമുണ്ട്.

ഇല്ലിവളവ് പാറയ്ക്കല്‍ സന്തോഷിന്റെ ഭാര്യയാണ് ഗീത. സന്തോഷിനു കോട്ടയത്ത് ലോട്ടറി വില്‍പനയാണ് ജോലി. ഒരു മാസം മുന്‍പാണു ഗീത ഐരാറ്റുനടയ്ക്കു സമീപം കരിമ്പിന്‍ ജ്യൂസ് വില്‍പന ആരംഭിച്ചത്.

Related posts