മലയാളി മനസാക്ഷിയെ നടുക്കിയ രണ്ട് സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്നത്. രണ്ട് കേസുകളിലും പ്രതിക്കൂട്ടിലായത് പുരുഷന്മാരാണെന്നതും ശ്രദ്ധേയമാണ്. രണ്ടിലും ഇരകളായത് സ്ത്രീകളും കുട്ടികളും. സ്ത്രീധനം ആവശ്യപ്പെട്ട് പട്ടിണിക്കിട്ട് കൊന്ന സംഭവത്തിലും കുട്ടികളെ മര്‍ദിച്ച് സംഭവത്തിലും തകര്‍ന്നത് കുടുംബങ്ങളും. ഇതൊക്കെ നടക്കുന്നത് കേരളത്തില്‍ തന്നെയോ എന്ന ചോദ്യം ഉയരുന്നതിനിടെ എഴുത്തുകാരി ഗീത തോട്ടം എഴുതിയ കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
വളര്‍ത്തി തളര്‍ത്തുന്നവര്‍
ചില അമ്മമാരുണ്ട്. മക്കളെ ഒരിക്കലും വലുതാവാന്‍ അനുവദിക്കാത്തവര്‍. രണ്ടു വയസ്സോ അതില്‍ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ (പെണ്‍മക്കളെ അത്രയ്ക്കില്ല) പരിചരിക്കുന്നവര്‍. രാവിലെ ബദാം പൗഡര്‍ കലക്കിയ പാല്‍ മുതല്‍ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം, കറികള്‍ എന്നിങ്ങനെ അവര്‍ക്ക് സവിശേഷമായ മെനു ആണ്. രാവിലെ വീട്ടില്‍ എല്ലാവര്‍ക്കുമായി പുട്ടും കടലയും ആയിരിക്കും.
മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം; എന്നു വച്ച് അയാള്‍ അത് കഴിക്കാതിരിക്കുകയൊന്നുമില്ല. പക്ഷെ അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യില്‍ പൊരിച്ചതും ബുള്‍സ് ഐ യും ഉണ്ടാക്കിക്കൊടുത്തിരിക്കും. ചിലപ്പോള്‍ അവന്‍ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും.
അവന്റെ അടിവസ്ത്രങ്ങള്‍ മുതല്‍ അലക്കി ഇസ്തിരിയിട്ട് മടക്കി അവന്റെ അലമാരയില്‍ അടുക്കി വയ്ക്കുക, അവന്റെ മുറി അടിച്ചുവാരി തുടച്ചിടുക, കിടക്കവിരിപ്പുകള്‍ കുടഞ്ഞു വിരിക്കുക, അവന്‍ ഊരിയിട്ടു പോയ ബര്‍മുഡയും ഇന്നറും അതേ ഷേപ്പില്‍ മുറിയുടെ നടുക്ക് കിടക്കുന്നത് ആനന്ദത്തോടെ അലക്കാന്‍ എടുക്കുക, അവന്റെ പേഴ്‌സണല്‍ ബാത്ത് റൂമും ക്ലോസറ്റും കഴുകി മിനുക്കി വയ്ക്കുക, കട്ടിലിനടിയിലേക്ക് അവന്‍ ചുരുട്ടിയെറിഞ്ഞ നാറുന്ന സോക്‌സ് വയ്യാത്ത നടു കുനിച്ച് തോണ്ടിയെടുക്കുക, അവന് മാത്രം സ്‌പെഷല്‍ ഭക്ഷണം ഉണ്ടാക്കി വയ്ക്കുക,
പിന്നെ ആ ക്ലീഷേ കാര്യവും. കുളി, തലതുവര്‍ത്തല്‍, രാസ്‌നാദി , ഇത്യാദികള്‍……
ഈ സേവനസന്നദ്ധരായ അമ്മമാര്‍ പക്ഷെ അവരുടെ ഭര്‍ത്താവിന് ഒരു സേവനവും ചെയ്തു കൊടുക്കാന്‍ ചിലപ്പോഴെങ്കിലും തല്പരരാകില്ല. ഇഡ്ഡലിയുണ്ടാക്കുന്ന ദിവസം അയാള്‍ രണ്ടുേദോശ ചോദിച്ചാല്‍ ‘ ഇപ്പം ഇഡ്ഡലി കഴിച്ചാല്‍ മതി. എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു; വേണങ്കി തന്നെ ചുട്ടു തിന്നോ മാവവിടെ ഇരിപ്പുണ്ട് ‘ എന്നോ മറ്റോ ആവും മറുപടി ‘ (അതാണ് ശരിക്കും വേണ്ടതും അയാള്‍ക്കെന്താ രണ്ട് ദോശ ചുട്ടു തിന്നാല്‍ ??! )
കാര്യത്തിലേക്കു വരാം.
ഇത്തരത്തില്‍ അമ്മമാര്‍ വളര്‍ത്തികേടാക്കിയ ചെക്കന്മാര്‍ കല്യാണം കഴിയുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഏതാണ്ടിപ്രകാരമായിരിക്കും.
1. ഭാര്യയില്‍ നിന്ന് അമ്മയുടെ പ്രതിരൂപം പ്രതീക്ഷിച്ച് 10% പോലും കിട്ടാതെ വീണ്ടും അമ്മയെ ആശ്രയിച്ചു തുടങ്ങും. (അമ്മയ്ക്കും അതാവും വേണ്ടത് ) ബുദ്ധിയുള്ള പെമ്പിള്ളേര്‍ ആണെങ്കില്‍ പ്രാക്ടിക്കല്‍ ആയി ചിന്തിച്ച് അത്രയും പണി ലാഭം എന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഹാപ്പിയായി കഴിച്ചുകൂട്ടും.
2. ഇനി എന്റെ കാര്യങ്ങള്‍ നോക്കാന്‍ അവളുണ്ട് അമ്മ കൂടുതല്‍ ഇടപെടണ്ട എന്ന് അമ്മയെ വിഷമിപ്പിക്കും.(അത്തരം അമ്മമാര്‍ക്ക് അങ്ങനെ വേണം എന്നു തന്നെയാണനിക്കും) എന്നിട്ട് ആ അവള്‍ അവനെ ഒന്നു തിരിഞ്ഞു നോക്കുക പോലും ഇല്ലെന്നു മാത്രമല്ല പലപ്പോഴും അവനെക്കൊണ്ട് തന്റെ വസ്ത്രം ഇസ്തിരിയിടുവിക്കുക വീടിന്റെ മാറാല തട്ടുക പാത്രങ്ങള്‍ കഴുകിക്കുക , തേങ്ങ ചിരവിക്കുക മുതലായ ‘ക്രൂരകൃത്യങ്ങള്‍’ക്കൂടി ചെയ്യിക്കും. അമ്മയുടെ ഇടനെഞ്ചും, ഹാര്‍ട്ടും, കിഡ്‌നിയും ഒക്കെ ഒരുമിച്ചു കലങ്ങിയിട്ടുണ്ടാവും അപ്പോള്‍. (അങ്ങനെ തന്നെ വേണം അമ്മയ്ക്കും അവനും) ചില അമ്മമാര്‍ അവനെ സഹായിക്കാന്‍ അപ്പോഴും ചെല്ലും. അവര്‍ക്ക് അവളുടെ വക നല്ല ഡോസ് കിട്ടുകയും ചെയ്യും. ഈ രണ്ടു കേസുകളിലും കാര്യങ്ങള്‍ ചെറിയ മുഖം വീര്‍പ്പിക്കലും മനപ്രയാസവുമൊക്കെയായ തട്ടീം മുട്ടീം അങ്ങ് പൊയ്‌ക്കോളും
3. വിവാഹം കഴിഞ്ഞു വരുന്ന മരുമകള്‍ക്ക് അമ്മ വക ഒരാഴ്ച സ്‌പെഷല്‍ കോച്ചിംഗ് . ‘അവന് അതിഷ്ടമില്ല ,അവന് മറ്റത് ഇഷ്ടമാണ്. കുളിക്കാന്‍ ചൂടുവെള്ളം, തലയില്‍ തിരുമ്മാന്‍ വേറെ പൊടി, അത് ഞാന്‍ തന്നെ തേച്ചാലേ അവന് പിടിക്കൂ’ എന്നിങ്ങനെ പോകും നിര്‍ദ്ദേശങ്ങള്‍ . അവള്‍ക്ക് ഇതൊന്നും അത്ര ബോധിക്കണം എന്നില്ല. ചിലപ്പോള്‍ അവളുടെ അമ്മയും ഇത്തരക്കാരി ആയിരുന്നിരിക്കാം. അല്ലെങ്കില്‍ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മക്കളുള്ള വീട്ടിലെയാവാം അവള്‍. അവനെ ചെറുവിരലില്‍ തൂക്കി നടക്കുകയില്ലെന്നും .
അമ്മയെ കൊണ്ട് ഇനിമേല്‍ മകനെ അത്ര പുന്നാരിപ്പിക്കുകയില്ലെന്നും അവളങ്ങ് തീരുമാനിക്കും. പിന്നെ വഴക്ക്, വക്കാണം, കുടുംബം, കോടതി, പിന്നെ അനിവാര്യമായ ദുരന്തം .(വിവാഹമോചനമല്ല , അവളെങ്ങാന്‍ ഗര്‍ഭിണിയായിപ്പോയാല്‍ ജീവിതകാലം മുഴുവന്‍ ‘ഭര്‍ത്താവുകു’ഞ്ഞിനെ വളര്‍ത്തേണ്ട ഗതികേട് ആണ് ഉദ്ദേശിച്ചത് .. നല്ല ധൈര്യമുള്ളവര്‍ക്ക് ഗര്‍ഭമൊന്നും പ്രശ്‌നമല്ല. അവര്‍ ചുമക്കാന്‍ വയ്യാത്ത ഭാരങ്ങളെ, വയറ്റിലുള്ളതിനെയും കഴുത്തില്‍ തൂങ്ങിയതിനെയും അങ്ങൊഴിവാക്കും. ദേഹത്തു വെള്ളം വീണാല്‍ ചില പട്ടികള്‍ ഒക്കെ ചെയ്യുന്ന പോലെ ഒറ്റക്കൊടച്ചിലാണ്. ഇനി വയറ്റില്‍ ഉള്ളത് പോയില്ലെങ്കില്‍ത്തന്നെ അതിനെ അതിന്റെ അച്ഛനെപ്പോലെ വളര്‍ത്തിക്കേടാക്കാതെ മരിയാദക്കാരനോ കാരിയോ ആക്കി വളര്‍ത്താമല്ലൊ.
അമ്മമാര്‍ മാത്രമല,്‌ല ചില ഭാര്യമാരുമുണ്ട് ഇത്തരത്തില്‍. നല്ല കാര്യശേഷിയുള്ള അച്ഛനമ്മമാരുടെ മകനായി, അന്തസ്സായി നല്ല നിലയ്ക്ക് സ്വന്തം കാര്യവും, അത്യാവശ്യത്തിന് വീട്ടിലെ മറ്റുള്ളവരുടെ കാര്യവും നോക്കി ജീവിച്ചിരുന്നവനാണ്. പഠിക്കുന്ന കാലത്ത് വീട്ടിലും, ജോലി കിട്ടിയതിനു ശേഷം തനിച്ചും താമസിച്ചിരുന്നപ്പോള്‍ പാചകവും, അടിച്ചുവാരലും, തുണി നനയ്ക്കലും ഒക്കെയായി പരാശ്രയമില്ലാതെ ജീവിച്ചിരുന്നവനുമാണ്. വൃത്തിയും മെനയും അടുക്കും ചിട്ടയുമൊക്കെയുള്ള മിടുക്കന്‍ ചെറുപ്പക്കാരന്‍. അങ്ങനെയിരുന്നപ്പോളാണ് വീട്ടുകാര്‍ അവനെ പെണ്ണുകെട്ടിക്കുന്നത്. അല്ലെങ്കില്‍ ഒരു ശാലീന സുന്ദരിയെ അവന്‍ വിവാഹം ചെയ്യുന്നത്. ഇനി താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒക്കെ സംഭവിക്കും.
സിറ്റ്വേഷന്‍
1. അവനും അവളും ജോലികള്‍ ചെയ്ത് മാന്യമായി ജീവിക്കുന്നു .
2. അവന് മാത്രമേ ജോലിയുളളൂ അവള്‍ക്ക് മാസവേതനമുള്ള ജോലിയില്ല. അതിനാല്‍ കൂടുതല്‍ വീട്ടുപണികള്‍ അവള്‍ ചെയ്യുന്നു. പാചകത്തില്‍ നിന്നും മറ്റും, പ്രവൃത്തി ദിവസങ്ങളില്‍ അവന്ന് ഒഴിവു കിട്ടുന്നു.
3 .ഇതാണ് നമ്മുടെ വിഷയം. വിവാഹം കഴിഞ്ഞ് ഒരു രണ്ടു മൂന്നുമാസം കഴിയുമ്പോഴേക്കും അവന്‍ പൂര്‍ണ്ണമായും ഒരു പരാശ്രയ ജീവിയായി മാറിയിട്ടുണ്ടാവും. ഒരു ഗ്ലാസ് പച്ചവെള്ളം തനിയെ എടുത്തു കുടിക്കാന്‍ അവന് അറിയില്ല ഇപ്പോള്‍. അവള്‍ ഇട്ടു കൊടുത്തില്ലെങ്കില്‍ അവന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് സ്ഥാനം തെറ്റിയിരിക്കും. അവള്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ പാന്റ്‌സിന്റെ സിബ്ബ് ഇടുകില്ല. അവള്‍ പുറം തേച്ചു കൊടുത്തില്ലെങ്കില്‍, കിടക്ക വിരിച്ചില്ലെങ്കില്‍, വാട്ടര്‍ ബോട്ടില്‍ കയ്യില്‍ കൊടുത്തില്ലെങ്കില്‍, അവന്‍ കുളിക്കില്ല ,കിടക്കില്ല, വെള്ളം കുടിക്കില്ല. അലമാരിയില്‍ അലക്കി മടക്കിയിരിക്കുന്ന ഉടുപ്പുകളുടെ മുന്നില്‍ നിന്ന് അവന്‍ അവളെ വിളിക്കും .സ്വന്തമായി ഒന്ന് തെരഞ്ഞെടുക്കാന്‍ അവന് അറിയില്ല. അവന്‍ ഇട്ടിരിക്കുന്ന ഉടുപ്പ് മുഷിഞ്ഞോ എന്ന് അവള്‍ വേണം തീരുമാനിക്കാന്‍ . ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാന്‍ വയ്യാതെ അവന്‍ മീന്‍ വെട്ടുന്ന അവളെ വിളിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ ഒന്നിനും കൊള്ളാത്ത ഒരു ‘മക്കു ‘ ആയി മാറിക്കഴിഞ്ഞിരിക്കും അവന്‍. അമ്മയോട് മിണ്ടാന്‍ അവന് പേടി. പെങ്ങള്‍ക്ക് ഒരു സാരി വാങ്ങിക്കൊടുക്കാന്‍ പേടി.. കൂട്ടുകാര്‍ കടം ചോദിച്ചാല്‍ കൊടുക്കാന്‍ അവന്റെ കയ്യില്‍ ഇല്ല. ആക്കിത്തീര്‍ക്കുന്നതാണ്. ചില പെണ്ണുങ്ങള്‍ക്ക് അത്രയ്ക്കുണ്ട് സാമര്‍ഥ്യം. അടിപ്പാവാടയുടെ ചരടില്‍ കെട്ടിയവനെ കെട്ടി വലിച്ചോണ്ടു നടക്കല്‍.
സ്‌നേഹം കൊണ്ടാണെന്ന് ധരിച്ചാണ് ശുദ്ധന്മാര്‍ പലരും ഇത്തരം കെണികളില്‍ വീണുപോകുന്നത്. സ്വാര്‍ഥതയും ദുഃസാമര്‍ഥ്യവും ആണെന്ന് തിരിച്ചറിയുമ്പോഴേക്കും അവന്‍ ഒന്നിനും കൊള്ളാത്തവന്‍ ആയിട്ടുണ്ടാവും. കയറിപ്പോന്നിട്ടും കാര്യമുണ്ടാവില്ല. പിന്നെ അതില്‍ തന്നെ കിടന്ന് കാലം കഴിക്കാം എന്നു വയ്ക്കും. ഇതും ഒരു തരം ഹണി ട്രാപ്പ് തന്നെയല്ലേ?
മക്കളെയായാലും ഭര്‍ത്താവിനെയായാലും പരാശ്രയി ആക്കലാണോ അമ്മമാരും ഭാര്യമാരും ചെയ്യേണ്ടത്? അതോ ആരുമില്ലെങ്കിലും ഒറ്റയ്ക്കു ജീവിക്കാന്‍ പ്രാപ്തരാക്കുകയാണോ? എല്ലാത്തരം ആശ്രിതത്വങ്ങളും അടിമത്തം തന്നെയാണ്. കാണാവുന്ന ചങ്ങലയിട്ടു തളയ്ക്കുന്നില്ല എന്നേയുള്ളൂ ഇവിടെ. പൊട്ടിക്കാന്‍ ശ്രമിക്കണ്ട , ചെറുതായൊന്നു കുതറി നോക്കൂ അപ്പോഴറിയാം അതിന്റെ കരുത്ത്!