ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് ടെലിവിഷന്‍ എന്നാല്‍ ദൂരദര്‍ശന്‍ ആയിരുന്നു. മലയാളികളുടെ കാര്യമെടുത്താല്‍ ദൂരദര്‍ശന്‍ അവര്‍ക്ക് ഒരു ദിനചര്യ കൂടിയായിരുന്നു. അത്യാവശ്യത്തിനു മാത്രം ഉള്ള വാര്‍ത്തകള്‍. അതും രാവിലെ ഏഴു മണിക്കും, വൈകുന്നേരം അഞ്ചു മണിക്കും പിന്നെ വൈകിട്ട് ഏഴു മണിക്കും , ഇത് മാത്രം ആയിരുന്നു ദൂരദര്‍ശന്‍ മലയാളം വാര്‍ത്തകള്‍. അതും പക്വത ഉള്ള വാര്‍ത്ത വായനയും ആയ കുറെ നല്ല അവതാരകര്‍, ബാലകൃഷ്ണന്‍ , ഹേമലത എന്നിങ്ങനെ ഉള്ള അവര്‍ തികച്ചും ഭംഗി ആര്‍ന്ന രീതിയില്‍ ഉള്ള അവതരണവും ആയു മുന്നിട്ട് നിന്നു.
എത്ര പുരാണ, ഇതിഹാസ പരമ്പരകള്‍, ഇതില്‍ പ്രധാനം തിങ്കളാഴ്ച രാത്രി ഉള്ള ഓം നമ ശിവായ ആയിരുന്നു, ചൊവ്വാഴ്ച ജയ് ഹനുമാനും, വ്യാഴം രാത്രി ഉള്ള നൂര്‍ജഹാനും , ഞായറാഴ്ച ശ്രീ കൃഷ്ണ, എനിങ്ങനെ. ചന്ദ്രകാന്ത , അലിഫ് ലൈല തുടങ്ങി ഒട്ടേറെ വീര കഥകള്‍.. ചിത്രഗീതം പോലെ നമുക്ക് പ്രിയം ആയിരുന്നു രംഗോലി. വെറും രംഗോലി അല്ല കേട്ടോ റിന്‍ രംഗോലി, അവതരിപ്പിക്കുന്നതോ ഇന്ത്യയുടെ സ്വപ്ന സുന്ദരി ഹേമമാലിനി. ഇങ്ങനെ എത്ര എത്ര പരിപാടികള്‍. പകിട പംബരത്തിലൂടെ ടോം ജേക്കബ് അവതരിപ്പിച്ചത് നിഷ്‌കളങ്കമായ ഹാസ്യം ആയിരുന്നു, ദ്വയാര്‍ത്ഥങ്ങളും തെറി വിളിയും ഇല്ലാത്ത ഹാസ്യം.
തൊണ്ണൂറുകളുടെ അവസാനം ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ ഇന്ത്യയുടെ സൂപ്പര്‍ഹീറോയായത് വളരെപ്പെട്ടെന്നായിരുന്നു. ഹിന്ദിയില്‍ നിര്‍മ്മിച്ച സീരിയല്‍ പ്രാദേശിക ഭാഷകളിലും സംപ്രേക്ഷണം ചെയ്തിരുന്നു. 90കളില്‍ യുവാക്കളെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ ഒരു എപ്പിസോഡ് പോലും വിട്ടുപോവാതെ എല്ലാവരും ശക്തിമാന്‍ കണ്ടു. ഇന്ത്യയില്‍ ടെലിവിഷന്‍ പ്രചാരത്തില്‍ വന്നതിന് ശേഷമുളള ആദ്യ ജനപ്രിയ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരം ഉണ്ടാവുകയുളളു, ശക്തിമാന്‍.
ശക്തിമാനില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളേയും 90കളിലെ കുട്ടികള്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇതില്‍ ശക്തിമാനായി അഭിനയിച്ച മുഖേഷ് ഖന്ന ഇരട്ടവേഷത്തിലാണ് എത്തിയത്. കണ്ണടയിട്ട് പല്ലുന്തിയ ഗംഗാധറിനേയും ഖന്ന മികച്ച രീതിയില്‍ അവതരിപ്പിച്ചു. ശക്തിമാനായി ജനപ്രീതി നേടിയ ഖന്ന സീരിയല്‍ അവസാനിച്ച ശേഷം മറ്റ് പല സീരിയലുകളിലും അഭിനയിച്ചു. ‘വാരിസ്’ എന്ന ജനപ്രിയതയുളള സീരിയലുകളില്‍ അടക്കം അദ്ദേഹം നിറഞ്ഞു നിന്നു. രാജ്യത്ത് പലയിടത്തും മുഖേഷ് ഖന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. ശക്തിമാന്‍ വീണ്ടും തിരികെ എത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ ആയിട്ടില്ല.
ശക്തിമാന്റെ പിന്നാലെ എന്നും നടക്കുന്ന ഗീതാ വിശ്വാസ് എന്ന മാധ്യമപ്രവര്‍ത്തകയെ നമുക്ക് മറക്കാനാവില്ല. വൈഷ്ണവി മഹന്ത് ആണ് ഗീതയുടെ വേഷം മനോഹരമായി ചെയ്തത്. ശക്തിമാനിലെ ഒരൊറ്റ കഥാപാത്രത്തിലൂടെ വൈഷ്ണവി ജനപ്രീതി നേടി. ശക്തിമാന് ശേഷം നിരവധി പരമ്പരകളില്‍ വൈഷ്ണവി അഭിനയിച്ചു. ‘സപ്‌നെ സുഹാനെ ലഡക്പന്‍ കെ’ എന്ന പരമ്പരയില്‍ ഷൈല്‍ ഗഡ് എന്ന കഥാപാത്രമായും വൈഷ്ണവി തിളങ്ങി. കളേഴ്‌സ് ടിവിയിലെ ‘ദില്‍ സെ ദില്‍ തക്’ എന്ന പരമ്പരയില്‍ രാംനിക് ഭാനുശാലി എന്ന കഥാപാത്രമായും ജനപ്രീതി നേടി. വസ്ത്രസ്ഥാപനങ്ങള്‍ അടക്കമുളള ബിസിനസുകള്‍ വൈഷ്ണവി നോക്കി നടത്തുന്നുണ്ട്. 1974ല്‍ മധ്യപ്രദേശില്‍ ജനിച്ച വൈഷ്ണവി വീരണ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. എങ്കിലും ഗീതാ വിശ്വാസാണ് വൈഷ്ണവിക്ക് പ്രശസ്തി നല്‍കിയത്. 1997ല്‍ മലയാളത്തില്‍ ഒരു സിനിമയിലും ഇവര്‍ അഭിനയിച്ചു. മുകേഷ് നായകനായ ഒരു മുത്തം മണിമുത്തം എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്.