കുട്ടിയായിരിക്കെ അബദ്ധവശാൽ പാക്കിസ്ഥാനിൽ എത്തിപ്പെടുകയും പിന്നീട് തിരികെ ഇന്ത്യയിലെത്തുകയും ചെയ്ത കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത യുവതിയെ തേടിയെത്തിയത് ഇരുപത് വിവാഹാലോചനകൾ.
എട്ടു വയസുള്ളപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഒരു ട്രെയിനിൽ കയറി അബദ്ധവശാൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഇവരുടെ പേര് ഗീത എന്നാണ്. പിന്നീട് കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏദി ഫൗണ്ടേഷന്റെ സംരക്ഷണയിലാണ് ഇവർ വളർന്നത്.
കേന്ദ്രസർക്കാർ ഇടപെട്ടാണ് 2015ൽ ഗീതയെ ഇന്ത്യയിൽ തിരികെ എത്തിച്ചത്. പത്തു ദിവസങ്ങൾക്കു മുന്പ് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുവാനായി ആരംഭിച്ച “റീയൂണിറ്റ് ഗീത’ എന്ന ഫേസ്ബുക്ക് പേജിൽ കൂടിയാണ് വരനെ തേടിയുള്ള വിവാഹപരസ്യവും നൽകിയത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിർദ്ദേശത്തെ തുടർന്ന് മധ്യപ്രദേശിലെ ഇന്ദോറിലുള്ള സാമൂഹിക പ്രവർത്തകനായ ഗ്യാനേന്ദ്ര പുരോഹിത് എന്നയാളാണ് ഈ വിവാഹ പരസ്യം നൽകിയത്. ഒരു ക്ഷേത്ര പുരോഹിതനും എഴുത്തുകാരനും ഉൾപ്പടെ ഇരുപത് പേരാണ് തങ്ങളുടെ വിലാസമുൾപ്പടെ ഗീതയെ വിവാഹം ചെയ്യുവാൻ താത്പര്യപ്പെട്ട് മുന്പോട്ടു വന്നത്. ഇവരിൽ പന്ത്രണ്ട് പേർ ഭിന്നശേഷിക്കാരാണ്.
ലഭിച്ച പ്രതികരണങ്ങളിൽ നിന്നും അനുയോജ്യനായ ആളെ ഗീത കണ്ടെത്തുമെന്നും തുടർ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നും പരസ്യത്തിൽ വിശദീകരിച്ചിരുന്നു. ഗീതയ്ക്ക് ഇപ്പോൾ ഇരുപത്തിയാറു വയസുണ്ട്.
ഗീതയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് പത്തലധികം ദന്പതികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരിലാർക്കും ആവശ്യമായ തെളിവുകൾ സമർപ്പിക്കുവാൻ സാധിച്ചിരുന്നില്ല. ഇന്ദോറിലെ സന്നദ്ധ സംഘടനയായ മുക്-ബധിതർ സംഘതൻ വഴി സംസ്ഥാന സാമൂഹിക നീതി വകുപ്പാണ് ഗീതയെ സംരക്ഷിക്കുന്നത്.