തൊടുപുഴ: ആരോരുമില്ലാത്ത മനുഷ്യരെ സംരക്ഷിക്കാന്‍ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങളുണ്ട്.
എന്നാല്‍, പലപ്പോഴും റോഡിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ആരും തിരിഞ്ഞുനോക്കാറില്ല.
എന്നാൽ, ആ കഥ തിരുത്തുകയാണ് ഗീതാ വിനയന് എന്ന റിട്ട. പഞ്ചായത്ത് സെക്രട്ടറി.
ഇവരുടെ മണക്കാടുള്ള വീട് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെയും പൂച്ചകളുടെയും അഭയകേന്ദ്രമാണ്.
ഒട്ടേറെ പൂച്ചകളും നായ്ക്കളും ഗീതയുടെ സ്നേഹലാളനമേറ്റു കഴിയുന്നു. റോഡില്‍ പരിക്കേറ്റു കിടന്ന നായ്ക്കളെ വരെ ഏറ്റെടുത്തു ചികിത്സ നല്കി വളര്‍ത്തുകയാണ് ഈ വീട്ടമ്മ.
വന്നുകയറിയ പൂച്ചകൾ
കുമാരമംഗലം സ്വദേശിനിയായ ഗീത വിവാഹത്തോടെയാണ് തൊടുപുഴയിലേക്ക് എത്തിയത്.
മണക്കാട് വീടുവച്ചു ഭര്‍ത്താവ് വിനയകുമാറിനും മകള്‍ വിനീതയ്ക്കും ഒപ്പം എത്തിയപ്പോള്‍ രണ്ടു പൂച്ചകളും കൂടെയുണ്ടായിരുന്നു. വീട്ടില്‍ വന്നുകയറിയ പൂച്ചകളായിരുന്നു അവ.
ഇവയെ ഉപേക്ഷിക്കാന്‍ മനസു വരാത്തതിനാല്‍ അവയെയും ഒപ്പം കൂട്ടി. പിന്നെ നായ്ക്കളും പൂച്ചകളുമായി ഒട്ടേറെ അന്തേവാസികള്‍ ഗീതയുടെ വീടു തേടിവന്നു.
പലതിനെയും ഉടമസ്ഥര്‍ ഉപേക്ഷിക്കുന്നവയും ചിലത് വഴിയില്‍ വാഹനമിടിച്ചും മറ്റും പരിക്കേറ്റവയുമായിരുന്നു. ഒന്നിനെയും കൈ വിടാതെ ഗീത ഓരോ പേരിട്ട് തനിക്കൊപ്പം ചേര്‍ത്തു വളര്‍ത്തുകയാണ്.
അമ്മു, അപ്പു, പൊന്നു എന്നിങ്ങനെയാണ് നായ്ക്കളില്‍ ചിലതിന്റെ പേരുകള്‍. വാവച്ചി, മാളു. കിട്ടു, ബിച്ചു, കുട്ടുമണി, കുഞ്ഞുണ്ണി, കാത്തു എന്നിങ്ങനെ നീളുന്നു പൂച്ചകളുടെ പേരുകള്‍.
തൊടുപുഴ നഗരത്തില്‍ ആരോ കണ്ണ് അടിച്ചുതകര്‍ത്ത നിലയിലാണ് അമ്മുവിനെ ലഭിച്ചത്. ചികിത്സ നല്‍കിയെങ്കിലും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു.
എങ്കിലും ഇപ്പോള്‍ ആരോഗ്യവതിയായി ഓടി നടക്കുന്നു. വാഹനം കയറി നട്ടെല്ലും കാലും തകര്‍ന്ന നിലയിലാണ് അപ്പുവിനെ വഴിയില്‍നിന്നു ലഭിച്ചത്.
അപ്പു ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു. കണ്ണിനു കാഴ്ചയില്ലാത്ത നിലയില്‍ തിരുവനന്തപുരത്തുനിന്നാണ് പൊന്നുവിനെ ലഭിച്ചത്.
വളര്‍ത്തിയ പന്ത്രണ്ടോളം നായ്ക്കളെ വഴിയില്‍നിന്നു ലഭിച്ചതാണ്.
നാൽപ്പതോളം പൂച്ചകൾ
പൂച്ചകളില്‍ കൂടുതല്‍ എണ്ണത്തെയും പലരും ഗീതയുടെ വീടിനു സമീപം ഉപേക്ഷിച്ചതാണ്. ഇവയെ ഗീത സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ആളുകള്‍ ഗേറ്റിനു മുന്നില്‍ ഉപേക്ഷിക്കുന്നത്.
ഇത്തരത്തിലുള്ള നാല്‍പ്പതോളം പൂച്ചകളെയാണ് വളര്‍ത്തിയത്. ഇപ്പോള്‍ ചെറുതും വലുതുമായി പതിനഞ്ചോളം പൂച്ചകള്‍ വീട്ടിലുണ്ട്.
കോവിഡ് കാലത്ത് തെരുവോരത്ത് കഴിയുന്ന നായ്ക്കള്‍ക്ക് ഭക്ഷണവും ഗീത എത്തിച്ചു നല്‍കിയിരുന്നു.
മൃഗങ്ങളോടുള്ള ഇഷ്ടത്തിനു താങ്ങായി ഒപ്പമുണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ വിജിലന്‍സ് ഓഫീസറായിരുന്ന ഭര്‍ത്താവ് വിനയകുമാര്‍ ആറു വര്‍ഷം മുമ്പ് മരിച്ചു.
ഇപ്പോള്‍ മകള്‍ ഡോ. വിനീതയുടെയും കൊച്ചുമകന് ഇഷന്‍ ശങ്കറിന്റെയും പ്രോത്സാഹനമാണ് ഈ വീട്ടമ്മയുടെ കരുത്ത്.
വീട്ടുജോലിക്കാരിയായ സതിയാണ് ഗീതയോടൊപ്പം മൃഗങ്ങളുടെ പരിരക്ഷയ്ക്കായി സദാസമയവുമുള്ളത്.