തൃശൂർ: മകളുടെ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ട ഗീത ഗോപി എംഎൽഎക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിക്കാൻ സാധ്യതയേറി. പരസ്യശാസനയോ താക്കീതോ നൽകി പ്രശ്നം അവസാനിപ്പിക്കാനും പാർട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് മേൽക്കമ്മിറ്റികളിൽ നിന്ന് തൊട്ടുതാഴേക്ക് തരംതാഴ്ത്തലോ ആയിരിക്കും നടപടിയെന്നാണ് സൂചന.
വിവാദം സംബന്ധിച്ച് ഗീതഗോപി എംഎൽഎ സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജിന് വിശദീകരണം നൽകി. തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ചു നിന്നാണ് അവർ വിശദീകരണം നൽകിയിരിക്കുന്നത്. വിശദീകരണത്തെക്കുറിച്ച് ബന്ധപ്പെട്ടവർ ചർച്ച നടത്തി തുടർതീരുമാനം കൈക്കൊള്ളും.
സാധാരണ കല്യാണമാണ് നടത്തിയതെന്ന നിലപാട് തന്നെയാണ് വിശദീകരണക്കുറിപ്പിലും ഗീതഗോപി എംഎൽഎ നൽകിയിരിക്കുന്നത്. പാർട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവർത്തിച്ച എംഎൽഎക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തൽ തന്നെയാണ് പാർട്ടി നേതൃത്വത്തിനുള്ളത്. പെരുമാറ്റച്ചട്ടം അറിയാത്തവരല്ല എംഎൽഎ എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണം തന്നെ ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ളവരുടെ വാക്കുകളും എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചുവെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആരോപണവിധേയയായ എംഎൽഎയെ സംരക്ഷിക്കാൻ പാർട്ടിയിലാരും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. താക്കീതിലും ശാസനയിലും ശിക്ഷ ഒതുക്കിയാൽ അത് കുറഞ്ഞ അച്ചടക്ക നടപടിയാകുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയാരും ഇത്തരം അച്ചടക്കലംഘനങ്ങൾ നടത്താതിരിക്കാൻ കുറച്ചുകൂടി കടുത്ത നടപടി ആവശ്യമാണെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. ഇന്നാരംഭിച്ച പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഗീതഗോപി എംഎൽഎ പങ്കെടുത്തില്ല.