ലണ്ടൻ: വിഭജനകാലം ഒരു വൃദ്ധമാതാവിന്റെ ഓർമകളാ യി പുനരാവിഷ്കരിച്ച ഹിന്ദിനോവലായ ‘രേത് സമാധി’ യിലൂടെ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് വിഖ്യാതമായ ബുക്കർ പുരസ്കാരം.
യുഎസിൽനിന്നുള്ള ഡെയ്സി റോക്ക്വെൽ ‘ടൂംപ് ഓഫ് സാൻഡ്’എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ കൃതിയാണ് 41.6 ലക്ഷം രൂപ (50,000 പൗണ്ട്) സമ്മാനത്തുകയുള്ള പുരസ്കാരത്തിന് അർഹമായത്.
സമ്മാനത്തുക ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക്വെലും പങ്കുവയ്ക്കും. ഹിന്ദിയിൽ രചിച്ച ഒരു കൃതിക്ക് ആദ്യമായാണു ബുക്കർ പുരസ്കാരം ലഭിക്കുന്നത്.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി. ഡൽഹിയിലാണു താമസം. മൂന്നു നോവലുകളും ഒട്ടേറെ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ലാണു ‘ രേത് സമാധി’ പ്രസിദ്ധീകരിച്ചത്.
പുരസ്കാരം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നു ലണ്ടനിൽ നടന്ന ചടങ്ങിൽ ഗീതാഞ്ജലി പറഞ്ഞു.ഭർത്താവിന്റെ മരണത്തോടെ ഒപ്പംകൂടിയ കടുത്ത വിഷാദരോഗത്തെ മറികടക്കാൻ നിശ്ചയദാർഢ്യത്തോടെ ഒരു എൺപതുകാരി നടത്തുന്ന പരിശ്രമങ്ങളാണ് ‘രേത് സമാധി’യിൽ ഗീതാഞ്ജലി വിവരിക്കുന്നത്.
ടൂംപ് ഓഫ് സാൻഡിനു പുറമേ കൊറിയയിൽനിന്ന് ആന്റൺ ഹുർ വിവർത്തനം ചെയ്ത ബോറ ചുംഗിന്റെ ക്രൂസേഡ് ബണ്ണി, ജോൺ ഫോസിന്റെ എ ന്യൂ നെയിം സെപ്റ്റോളജി ആറ്-ഏഴ്, മൈക്കോ കവാകാമിയുടെ ഹെവൻ, ക്ലോഡിയ പിയോറോയുടെ ‘എലീന നോസ്, ഓൾഗ ടോകാർസുക്കിന്റെ ദ ബുക്സ് ഓഫ് ജേക്കബ് എന്നിങ്ങനെ ആറ് പുസ്തകങ്ങളാണ് അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്കു തർജമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാ വർഷവും ബുക്കർ സമ്മാനത്തിനായി പരിഗണിക്കുന്നത്.