കാട്ടാക്കട : സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഗീതാറാണിയെ ചോദ്യം ചെയ്തപ്പോൾ അനവധി തട്ടിപ്പുകൾ കൂടെ പുറത്തു വന്നു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് പുതിയ തട്ടിപ്പുകൾ വെളിച്ചത്തു വന്നത്. പിഎസ് എസി തട്ടിപ്പാണ് പുറത്തു വന്നത്. സ്റ്റാഫ് നേഴ്സ് ജോലിയുടെ പേരിലും ക്ലാർക്ക് ജോലിയുടെ പേരിലുമാണ് പുതിയ തട്ടിപ്പ്. ഇന്റർവ്യൂ ഉൾപ്പടെയുള്ളവയിൽ ബന്ധം ഉപയോഗിച്ച് ജോലി ഉറപ്പാക്കാം എന്ന രീതിയിലാണ് തട്ടിപ്പ്.പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.
ഗീതാറാണി തന്നെയാണ് വ്യാജമായി മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതും അത് ഉദ്യോഗാർഥികൾക്ക് നൽകുന്നത്. ഇതിന്റെ തെളിവുകൾ പോലീസിന് കിട്ടി. വ്യാജമായി നിയമന ഉത്തരവ് നൽകുന്നതിന്റെ പകർപ്പുകൾ പോലീസിന് ഇവരുടെ താമസ സ്ഥലമായ ത്യശൂരിലെ അപ്പാർട്ട്മെന്റിൽ നിന്നും കിട്ടി. ഇവർ നടത്തുന്ന സ്ഥാപനത്തിലും റെയ്ഡ് നടത്തി. അവിടെ നിന്നും പണം കൈമാറിയതിന്േറയും ബാങ്കിൽ ഇടപാട് നടത്തുന്നതിന്റെയും രേഖകളും ലഭിച്ചു. തിരുവനന്തപുരം പേയാട് എസ്ബിഐ ശാഖയിൽ ഇവർ അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിലും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്നു. ഗീതാറാണിയുടെ സ്ഥാപനത്തിൽ റിസപ്നിസ്റ്റ് തട്ടിപ്പു സംഘവുമായി ബന്ധമുണ്ടോ എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്.
പല ഉദ്യോഗാർഥികളും സ്ഥാപനത്തിൽ എത്തുന്പോൾ വിവരങ്ങൾ നൽകുന്നതും രസീതുകൾ നൽകുന്നതും ഈ റിസപ്നിസ്റ്റാണെന്ന് പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. നെയ്യാർാഡം പോലീസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി കർണ്ണാടകയിലെ മംഗലാപുരത്തും ത്യശൂരിലും റെയ്ഡ് നടത്തിയിരുന്നു.