വിഴിഞ്ഞം : കോവളം മുട്ടയ്ക്കാട്ടിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്ത് മകൾ ഗീതുവിന്റെ (14) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴ്ച വൈകുന്നേരം 3.30 ഓടെ വീട്ടിൽ അവശനിലയിൽ കാണപ്പെട്ട ഗീതുവിനെ വിഴിഞ്ഞം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹതഉയർന്നത്.
അസ്വഭാവിക മരണത്തിന് കേസെടുത്ത കോവളം പോലീസ് വീട്ടുകാരെയും ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്തു വരികയാണ്.
കുട്ടി കിടന്ന ബെഡ്ഷീറ്റും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സമീപത്തെ സ്വകാര്യ പുരയിടത്തിലെ മതിലിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയതോടെ ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
രക്ഷിതാക്കളടക്കമുള്ളവരെ പലവട്ടം ചോദ്യം ചെയ്തിട്ടും കുട്ടിയുടെ തലയിൽ ക്ഷതമേറ്റതെങ്ങനെയെന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നാണ് പോലീസ് പറയുന്നത്.
.