കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായിക ഗീതു മോഹൻദാസ്, നടി സംയുക്ത വർമ എന്നിവരെ ഇന്നു വിസ്തരിക്കും. നടൻ കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്തരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക. സംവിധായകൻ വി.എ. ശ്രീകുമാറിന്റെ വിസ്താരവും അടുത്ത ദിവസം നടക്കും.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ ഇന്നലെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു.
രാവിലെ ഒൻപതരയോടെ കോടതിയിൽ എത്തിയ മഞ്ജു പ്രോസിക്യൂട്ടറുടെ മുറിയിൽ എത്തി വിശദമായ ചർച്ച നടത്തി. അതിനു ശേഷമായിരുന്നു ജഡ്ജി ഹണി വർഗീസിനു മുന്നിലെത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. വാദിയുടെ താൽപ്പര്യം കണക്കിലെടുത്താണ് ഇത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഈ മൊഴിയും രഹസ്യമായി തുടരും.
പ്രതിക്കൂട്ടിൽ പൾസർ സുനിക്കൊപ്പം ദിലീപുമുണ്ടായിരുന്നു. ഉച്ചക്കു ദിലീപ് കോടതിക്ക് പുറത്തു പോയി. എന്നാൽ മഞ്ജു കോടതി പരിസരം വിട്ട് പുറത്ത് പോയില്ല.
ആഹാരം പോലും കോടതിക്കുള്ളിലാക്കി. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരം ഉള്ളതു കൊണ്ടായിരുന്നു ഇത്. സിദ്ദിഖും ബിന്ദു പണിക്കരും ഇന്നലെ സാക്ഷി മൊഴി നൽകി.