ബെന്നി മുക്കുങ്കൽ
വനിതാ ഡ്രൈവിംഗ് പരിശീലന രംഗത്തെ നിറസാന്നിധ്യമാണ് ഗീതു അരുണ്‍ എന്ന വീട്ടമ്മ. നിറപുഞ്ചിരിയും ആത്മവിശ്വാസവുംകൊണ്ട് ജി.ജെ. എന്ന തന്റെ സ്ഥാപനത്തെ വിജയസോപാനത്തിൽ എത്തിച്ചിരിക്കുകയാണ് ഈ മുപ്പത്തൊന്നുകാരി.
ഗീതുവിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. വാഹനം ഏതായാലും വളയിട്ട ഈ കൈകളിൽ അത് ഭദ്രമായിരിക്കും. ബുള്ളറ്റ്, ജീപ്പ്, ലോറി, ബസ്, ടിപ്പർ, ജെസിബി എന്നിങ്ങനെ എല്ലാ വാഹനങ്ങളും ഈ പെണ്‍കരുത്തിനുമുന്നിൽ നിഷ്പ്രയാസം വഴങ്ങും.
ആറാംക്ലാസിൽ പഠിക്കുന്പോൾ തുടങ്ങിയ വാഹന കന്പം സ്വന്തമായി ഒരു ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നതുവരെ ഗീതുവിനെയെത്തിച്ചു.
ചെറുപ്പകാലം മുതലുള്ള മകളുടെ അഭിരുചി മനസിലാക്കി പിതാവ് സുരേഷാണ് ഡ്രൈവിംഗിൽ പരിശീലനം നൽകിയത്. പിതാവ് സുരേഷും നെടുങ്കണ്ടത്ത് ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തിയിരുന്നു. ആറുവർഷം മുന്‍പാണ് ഇദ്ദേഹം മരിച്ചത്.
അയ്യായിരത്തിലധികം ശിഷ്യർ
നെടുങ്കണ്ടം കിഴക്കേക്കവലയിൽ വൈദ്യുതി ഓഫീസിനുമുൻവശത്തായി പത്തുവർഷം മുന്‍പാണ് ജി.ജെ. എന്ന ഡ്രൈവിംഗ് സ്കൂൾ ഗീതു ആരംഭിച്ചത്. വനിതാ പരിശീലകർ ഇല്ലാതിരുന്നതിനാൽ ഗീതുവിന്റെ സ്ഥാപനം ശ്രദ്ധിക്കപ്പെട്ടു.
തുടക്കത്തിൽ ബാലാരിഷ്ടതകൾ ഉണ്ടായിരുന്നിട്ടും അവയെല്ലാം അതിജീവിച്ചാണ് ഗീതു മുന്നേറിയത്. ഇപ്പോൾ 5000-ൽ അധികം വനിതകൾ ഈ സ്ഥാപനത്തിൽനിന്നു പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയിട്ടുണ്ട്.
ഡ്രൈവിംഗ് പരിശീലനത്തിൽ സ്വന്തമായ രീതികളും സമീപനവുമാണ് ഗീതുവിന്റേത്. ഇത് ശിഷ്യഗണങ്ങൾക്കുവേഗത്തിൽ പഠനം നടത്താൻ സഹായകരമാണ്.
പലരിൽനിന്നും പിന്തുണ
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ജോയിന്റ് ആർടിഒ ഓഫീസിൽനിന്നു നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് ഗീതു പറഞ്ഞു. ലൈസൻസ് പുതുക്കൽ, വാഹന സംബന്ധമായ മറ്റു രേഖകൾ എല്ലാം കൃത്യതയോടെ നൽകുന്നതിനാൽ ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമാണ്.
ഭർത്താവ് അരുണും മികച്ച പിന്തുണയാണ് ഈ വനിതാ സംരംഭകയ്ക്കു നൽകുന്നത്. എല്ലാ കാര്യത്തിലും വലംകൈയായി കൂടെയുണ്ട്. കളക്ടറേറ്റിലെ ജീവനക്കാരനായ അരുണ്‍ രാവിലെയും വൈകുന്നേരവും പരിശീലനകേന്ദ്രത്തിലെത്തി വേണ്ട സഹായങ്ങൾ നൽകും. അരുണിനും ഗീതുവിനും രണ്ടു കുട്ടികളുണ്ട്.
ഇവരും അമ്മയെപോലെ വാഹനപ്രിയരാണ്. ഭാര്യക്ക് ബുള്ളറ്റിനോടുള്ള താത്പര്യം കണ്ട അരുണ്‍ ബുള്ളറ്റ് വാങ്ങി നൽകി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇവർ മൂന്നാർ, കൊടൈക്കനാൽ, ഉൗട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബുള്ളറ്റിൽ ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. ഈ യാത്രകളിലെല്ലാം കൂടുതൽസമയവും ഗീതു തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ.
വേറിട്ട വഴികളിലൂടെ
ഗ്ലാസ് പെയിന്റിംഗ്, ഫാഷൻ ഡിസൈനിംഗ് എന്നിവയിലും ഗീതു കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച പെയിന്റിംഗുകളാണ് തിരക്കിനിടയിലും ഇവർ ചെയ്തിരിക്കുന്നത്. പുതിയ ഫാഷൻ ഡിസൈനുകൾ കണ്ടെത്തുന്നതിനും സമയം ചെലവിടുന്നു.
ബ്യൂട്ടീഷൻ കോഴ്സ് പൂർത്തിയാക്കിയ ഗീതു കല്യാണ വർക്കുകളിലും പ്രാഗത്ഭ്യം തെളിയിച്ച് ഈരംഗത്തും തിളങ്ങുകയാണ്. സംഗീതത്തോടുള്ള താത്പര്യംമൂലം ഇപ്പോൾ വയലിൻ പഠിക്കുന്നുണ്ട്. അടുക്കളയിൽമാത്രം ഒതുങ്ങാതെ മറ്റു വനിതകൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഗീതു.