കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും പിടിയില്‍.
തമിഴ്നാട് സ്വദേശി കേശവനെ(30)യാണ് പാലക്കാടുനിന്ന് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ വയനാട്ടില്‍ താമസിച്ചുവന്ന സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു- 27) ബന്ധുവാണ് ഇയാള്‍.
ഗോവയിലെ അഞ്ചുനയിലെത്തിച്ച് ജെഫിനെ കൊലപ്പെടുത്തുമ്പോള്‍ സംഘത്തില്‍ കേശവനും ഉണ്ടായിരുന്നു. കൊല നടത്തുമ്പോള്‍ പ്രദേശത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാന്‍ നിന്നിരുന്നത് കേശവനും മുത്തപ്പനുമായിരുന്നു.
കൊല നടത്തിയ കഴിഞ്ഞ സമയത്ത് അതുവഴി ഒരു വാഹനം വന്നപ്പോള്‍ ആ വിവരം സംഘത്തെ അറിയിച്ചത് കേശവനായിരുന്നു. ആക്രി പെറുക്കലും ചെറിയ മോഷണവുമൊക്കെയായിട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വയനാട്, കോഴിക്കോട് ഭാഗങ്ങളിലായിരുന്നു താമസം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്.
ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി സ്വദേശി ടി.വി. വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.