ശ്രീനഗർ: മാസങ്ങൾക്കുമുന്‍പ് എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിനുമുന്പെ ജമ്മുകാഷ്മീരിൽനിന്ന് മറ്റൊരു ക്രൂരകൃത്യത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ജമ്മുകാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഒന്‍പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വളർത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 23 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ചയാണ് കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ വനപ്രദേശത്തുനിന്നും കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വളർത്തമ്മയും അവരുടെ മകനും കൂട്ടുകാരുമുൾപ്പടെ അഞ്ചുപേർ അറസ്റ്റിലായത്.
മകളുടെ കൂടെ തന്റെ ഭർത്താവ് കൂടുതൽ സമയം ചെലവഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെണ്‍കുട്ടിയുടെ രണ്ടാനമ്മ പോലീസിൽ സമ്മതിച്ചു. സംഭവ ദിവസം പെണ്‍കുട്ടിയെ ഇവർ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പതിനാലുകാരനായ മകനും കൂട്ടുകാരും ഈ സമയം ഇവിടെയെത്തി. അമ്മയുടെ മുന്നിൽവച്ച് മകനും കൂട്ടുകാരും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
പിന്നീട് പതിനാലുകാരൻ പെണ്‍കുട്ടിയുടെ തലയിൽ ചുറ്റികയ്ക്ക് അടിച്ച് മരിച്ചെന്ന് ഉറപ്പ് വരുത്തി. പ്രതികളിൽ ഒരാൾ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചാണ് പ്രതികൾ സംഭവസ്ഥലത്തുനിന്നും പോയത്.