മൂന്നാർ: താഴ്വാരത്തിൽനിന്നു നോക്കിയാൽ ആകാശം മുട്ടുന്ന ഉയരത്തിൽ നിൽക്കുന്ന ആനമുടി സഞ്ചാരികളുടെ കണ്ണിനെ കുളിരണിയിക്കുന്നു. മഞ്ഞണിഞ്ഞു നനുനനുത്ത പാറക്കെട്ടിൽ സൂര്യന്റെ കതിർവെട്ടം തിളങ്ങുന്പോൾ ആ കാഴ്ച സഞ്ചാരികളെ ആനന്ദത്തിലാറാടിക്കുകയാണ്.
ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് സഞ്ചാരികൾക്കു വിരുന്നായി ഈ കൊടുമുടി നിലകൊള്ളുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരംകൂടിയ കൊടുമുടിയായ ആനമുടിക്ക് സമുദ്രനിരപ്പിൽനിന്ന് 8,842 അടി ഉയരമാണുള്ളത്.
ഇരവികുളം ദേശീയോദ്യാനത്തിനു തെക്കായാണ് ആനമുടി സ്ഥിതിചെയ്യുന്നത്. ആനമലനിരകളും ഏലമലനിരകളും പളനിമലനിരകളും ചേരുന്ന ഭാഗമാണ് ആനമുടിയിലുള്ളത്. സാഹസിക മലകയറ്റക്കാർക്കു പ്രിയങ്കരമായ ആനമുടിയുടെ താഴ്വാരത്തിൽ ഇത്തവണ കുറിഞ്ഞി നീലവസന്തം തീർക്കുമെന്നാണ് കരുതുന്നത്.
സഹ്യനിരകളുടെ തലയെടുപ്പുമായി ആനമുടിയും, അപൂർവതയുടെ തുടിപ്പുകളുമായി വരയാടുകളും പ്രകൃതിയുടെ കുറുന്പുമായി നീലക്കുറിഞ്ഞിയും കൈകോർക്കുന്പോൾ സഞ്ചാരികൾക്കു മനംകവരുന്ന കാഴ്ചകളാണ് ഒരുങ്ങുന്നത്.