പാലാ: കൊറോണ ജാഗ്രതാ മുന്നറിയിപ്പ് നൽകി മരണവീടും. ചക്കാന്പുഴ വഞ്ചിന്താനത്ത് പരേതനായ വി.എൽ. തോമസിന്റെ ഭാര്യ അച്ചു തോമസ് (84) മരിച്ചപ്പോൾ കൊറോണ ജാഗ്രതാ നിർദേശമടങ്ങിയ ബോർഡ് വീട്ടിൽ സ്ഥാപിച്ച് കുടുംബാംഗങ്ങൾ ജാഗ്രതാ സന്ദേശം സമൂഹത്തിനു പകർന്നു നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ അമ്മ മരണപ്പെട്ടപ്പോൾ കുടുംബാംഗങ്ങൾ കൊറോണ വൈറസിന്റെ കാര്യവും ഓർമയിൽ വച്ചു. സംസ്കാര നടപടികൾ ഒരുക്കുന്നതിനൊപ്പം മകൻ ജെയ്മോൻ കൊറോണ ജാഗ്രതാ നിർദേശമടങ്ങിയ ബോർഡും വീട്ടുവളപ്പിൽ സ്ഥാപിച്ചു.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മാനിച്ച് മൃതശരീരത്തിൽ ചുംബിക്കാതെ പ്രാർഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
പരസ്പരം ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ഇവിടെ ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്… എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ബോർഡിൽ എഴുതിയിട്ടുള്ളത്.
ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയത്തക്കതായി. അധികസമയം മരണവീട്ടിൽ ചെലവഴിച്ച് തിക്കും തിരക്കും ഉണ്ടാക്കാതെ മടങ്ങാനും ആളുകൾ ശ്രദ്ധിച്ചു.
സർക്കാരിനൊപ്പം വിവിധ രൂപതകളും കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.