
മറയൂർ: തമിഴ്നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം നാല്പതിനായിരം കടക്കുന്പോൾ മന്ത്രി മകളുടെ വിവാഹം കെങ്കേമമായി കൊണ്ടാടി.
തമിഴ്നാട് മൃഗസംരക്ഷണ മന്ത്രി ഉടുമലൈ കെ. രാധാകൃഷ്ണന്റെ മകൾ ജയപ്രണീതയും പൊള്ളാച്ചി നഗരസഭാ മുൻ വൈസ് ചെയർമാൻ ജയകുമാറിന്റെ മകൻ ആദിത്യനും തമ്മിലുള്ള വിവാഹമാണ് ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നത്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ചെന്നൈയിൽനിന്നു മാത്രം ആയിരത്തിലധികം ആളുകൾ വിവാഹത്തിൽ പങ്കെടുത്തു.
കോലാർപെട്ടി ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിലാണു വിവാഹം നടന്നത്. ജൂണ്‍ 11 മുതൽ ആരംഭിച്ച വിവാഹ ചടങ്ങുകൾ ഇന്നലെയാണ് സമാപിച്ചത്.
15 മന്ത്രിമാർ, സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥർ, പാർട്ടി നേതാക്കൾ, അണികൾ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭൂരിഭാഗം ആളുകളും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല.
വിശാലമായ തെങ്ങിൻതോപ്പിൽ ലക്ഷങ്ങൾ മുടക്കി ഒരുക്കിയ വലിയ പന്തലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കു രാവിലെ 10 മുതലും പാർട്ടി നേതാക്കൾക്കും അണികൾക്കും ഉച്ചകഴിഞ്ഞു മൂന്നുമുതലും എന്ന സമയക്രമം നിശ്ചയിച്ചായിരുന്നു സൽക്കാരം. 300-ലധികം പോലീസ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയിരുന്നു.