സ്വന്തം ഭര്‍ത്താവുമായി മറ്റു സ്ത്രീകള്‍ അടുത്തിടപഴകുന്നത് ഇഷ്ടപ്പെടാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും. അതിപ്പം ബോളിവുഡിലാണെങ്കിലും അതിനു വലിയ മാറ്റമൊന്നുമില്ലെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ മിന്നും ദമ്പതിമാരായ റിതേഷ് ദേശ്മുഖും ജെനിലിയ ഡിസൂസയുമാണ് കഥയില്‍ നായികാ-നായകന്മാര്‍. വില്ലത്തിയാവട്ടെ പ്രീതി സിന്റയും.
ഐഫ പുരസ്‌കാര നിശയില്‍ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂര്‍വം അടുത്തിടപഴകിയതിനു തൊട്ടു പിന്നാലെയാണ് സെലിബ്രിറ്റി ദമ്പതികള്‍ ട്വിറ്റര്‍ പോരിലേര്‍പ്പെട്ടത്. പ്രീതി സിന്റയോടുള്ള റിതേഷിന്റെ സ്‌നേഹപ്രകടനങ്ങള്‍ ജെനീലിയയ്ക്ക് പിടിച്ചിട്ടില്ലെന്ന ഗോസിപ്പ് ശരി വയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പ്രതികരണങ്ങള്‍. മുംബൈയില്‍ വച്ചു നടന്ന ഐഫ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചാണെത്തിയത്.
ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്‌നേഹപൂര്‍വം ആശ്‌ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു. എന്നാല്‍ സംസാരത്തിനിടെ റിതേഷ് പ്രീതി സിന്റയുടെ കൈകളില്‍ ഉപചാരപൂര്‍വം ചുംബിക്കുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും ചെയ്തു. എന്നാല്‍ ജനിലിയയ്ക്ക് ഇതത്ര രസിച്ചില്ല. ഇതു വ്യക്തമാക്കുന്നതായിരുന്നു വീഡിയോയില്‍ ജനിലിയയുടെ മുഖഭാവം.
റിതേഷിന്റെയും പ്രീതി സിന്റയുടെയും സൗഹൃദസംഭാഷണം നീരസത്തോടെ വീക്ഷിക്കുന്ന ജെനീലിയയുടെ വിഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. ഇതിനു തൊട്ടുപിന്നാലെ റിതേഷും ജനിലിയയും ട്വിറ്ററിലൂടെ പരസ്പരം ഏറ്റുമുട്ടി. ദേഷ്യപ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും പിന്നില്‍ ഒരു പുരുഷനുണ്ടാകും എന്ന അടിക്കുറിപ്പോടെയുള്ള മീം റിതേഷ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനടി ജെനീലിയയുടെ മറുപടിയെത്തി. ‘സാധാരണയായി എന്റെ ഭര്‍ത്താവ് എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാനങ്ങനെ ചെയ്യുകയാണെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹം പറയുന്നതില്‍ തെറ്റുണ്ട് എന്നാണ്!’ ഇരുവരുടെയും പ്രതികരണങ്ങളില്‍ കൗതുകം പൂണ്ടിരിക്കുകയാണ് സിനിമാപ്രേമികള്‍. ജെനിലിയയുടെ നായകനായി സിനിമയില്‍ അരങ്ങേറിയ റിതേഷ് ഒടുവില്‍ ജനിലിയയെത്തന്നെ ജീവിത സഖിയാക്കുകയായിരുന്നു. 2012ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്.