തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ തലശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് സ്റ്റാഫ് നഴ്സുമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യ(30) മരണമടഞ്ഞ കേസിലാണ് നഴ്സുമാര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
നിടുംപൊയില്‍ സ്വദേശിനിയായ സിന്ധു സി .ചന്തു(30), കതിരൂരിലെ ഷിജിന (23) എന്നിവരെ പ്രതി ചേര്‍ത്തു കൊണ്ട് ക്രൈംബ്രാഞ്ച് സി ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവരും പ്രതി ചേര്‍ക്കപ്പെട്ടതോടെ ഇവര്‍ അഡ്വ.പി .കെ ബാലകൃഷ്ണന് മുഖാന്തിരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു.
ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും. സംഭവത്തില്‍ തലശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ഡിഎംഒ, ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി ശശീന്ദ്രന്, പരിയാരം മെഡില്ല് കോളജിലെ പോലീസ് സര്ജന് ഡോ.ഗോപാലകൃഷ്ണപ്പിള്ള, ഡോ.തങ്കമണി എന്നിവരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് കേസ് ഫയലില്‍ പരിശോധന നടത്തി.
പരിശോധനയില്‍ സ്റ്റാഫ് നഴ്സുമാര്‍ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇവരെ പ്രതി ചേര്‍ത്തു കൊണ്ട് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. 2017 ഡിസംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം.
പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ രാത്രിയിലുടനീളം വാട്സ് ആപ്പില്‍ കളിക്കുകയായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണ് യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്നുമായിരുന്നു പരാതി.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.വിവരമറിഞ്ഞ് എ.എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്മാന് സി.കെ.രമേശന് എന്നിവര്‍ സ്ഥലത്തെത്തിയാണ് അന്ന് സ്ഥിതി ശാന്തമാക്കിയത്.
2017 ഡിസംബര്‍ 21 നാണ് രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.30ന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസവ മുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
രാത്രി രണ്ടുവരെ രമ്യ ആരോഗ്യ വതിയായിരുന്നുവെന്നും 2.20 ഓടെ പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.