ചങ്ങനാശേരി: ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ ഗൃഹനാഥനു ചികിത്സ നല്‍കാതെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. പൊട്ടേശരി ഓവേലില്‍ പരീതി(59)നാണ് ചികിത്സ നിഷേധിച്ചത്. പരീത് ചികിത്സാ നിഷേധം സംബന്ധിച്ചു നഗരസഭാ ചെയര്‍മാനു പരാതി നല്കി.
സംഭവത്തെക്കുറിച്ചു പരീതിന്റെ പരാതി ഇങ്ങനെ: കഴിഞ്ഞ നവംബര്‍ ആറിനാണ് സംഭവം. ഞായറാഴ്ച ദിവസമായിരുന്ന അന്ന് ഉച്ചയ്ക്ക് 12ന് ഭാര്യ നബീസയ്ക്കൊപ്പമാണ് താന്‍ ആശുപത്രിയിലെത്തിയത്. ശരീരത്തിന്റെ ഇടതു ഭാഗത്ത് മരപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചികിത്സ തേടിയെത്തിയത്. ഈ സമയം നഴ്സിംഗ് റൂമിലിരുന്നാണ് ഡോക്ടര്‍ പരിശോധന നടത്തിയിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോടു തനിക്കു ക്യൂവില്‍ നില്ക്കാന് വയ്യാത്ത സ്ഥിതിയാണെന്നു ഭാര്യ നബീസ അറിയിച്ചു. പുറത്തെ കസേരയില്‍ ഇരുന്നു കൊള്ളാനും അകത്തുള്ള രോഗിയെ പരിശോധിച്ചു കഴിയുമ്പോള്‍ സ്റ്റൂളിലേക്കു രോഗിയെ ഇരുത്താനും നഴ്സ് പറഞ്ഞു.
ഇതനുസരിച്ച് പരിശോധന കഴിഞ്ഞ് രോഗിയെഴുന്നേറ്റയുടന് പരീതിനെ നഴ്സിംഗ് റൂമിലെ സ്റ്റൂളില്‍ പിടിച്ചിരുത്തി. എന്നാല്‍, വിവരം പറഞ്ഞിട്ടു ശ്രദ്ധിക്കാനോ ചികിത്സ നല്‍കാനോ ഡോക്ടര്‍ തയാറായില്ല. സൂപ്രണ്ടിനെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അവധിയിലായിരുന്നു. തുടര്‍ന്നു ശാരീരികമായി നില്ക്കാന് വയ്യാത്ത സ്ഥിതിയായതു കൊണ്ട് അവിടെനിന്നു സമീപത്തെ സ്വകാര്യ ലാബില്‍ എത്തി ബിപി നോക്കിയപ്പോള്‍ വളരെ കൂടുതലാണെന്ന് അറിഞ്ഞു.
ഉടനെ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടുത്തെ ഡോക്ടര്‍ പരിശോധിച്ച് സ്ട്രോക്ക് വന്നതാണെന്നു പറയുകയും ഒരാഴ്ചയോളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ ആവശ്യമായി വരുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള എനിക്ക് സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കുമായി 50,000 ത്തോളം രൂപ ചെലവാക്കേണ്ടി വന്നു.
ഇപ്പോള്‍ ഞാന്‍ സ്വകാര്യ ആശുപത്രിയില്‍ ന്യൂറോവിഭാഗത്തിന്റെ ചികിത്സയിലാണ്. വാടക വീട്ടില്‍ താമസിക്കുന്ന ൈഡ്രെവറായ തനിക്കും ഭാര്യയ്ക്കും വരുമാനങ്ങളില്ലാത്തതു കാരണം പണം കടംവാങ്ങിയാണ് ചികിത്സ നടത്തുന്നത്. തക്ക സമയത്ത് ചികിത്സ നല്‍കാതെ പാവപ്പെട്ട രോഗിയോട് അപരമര്യാദയായി പെരുമാറിയ ഡോക്ടറുടെ നടപടിക്കെതിരെ നഗരസഭ ചെയര്‍മാനു നല്കിയ പരാതി കോപ്പി സി.എഫ്. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കും അയച്ചിട്ടുള്ളതായും പരാതിയില്‍ പരാമര്‍ശിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു നഗരസഭ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ പറഞ്ഞു.