കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി എക്സ്റ്റൻഷൻ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരി അറിയിച്ചു. ഇന്നലെ നേത്രരോഗ വിഭാഗത്തിലെത്തിയവരാണ് പുതിയ പരിഷ്കാരം കണ്ടു ഞെട്ടിയത്.
രോഗികൾക്ക് ഇരിക്കാനുള്ള ഇരുന്പുകസേരയുടെ പിൻഭാഗത്താണ് വിവിധ വൈദ്യുതി കണക്ഷനുകൾ കൊടുക്കാനുള്ള എക്സ്റ്റൻഷൻ ബോക്സ് കെട്ടിവച്ച നിലയിൽ കണ്ടത്. യാതൊരു മറയും സുരക്ഷയുമില്ലാതെ തുണികൊണ്ട് കെട്ടിവച്ചാണ് ജീവനക്കാർ മരണക്കെണിയൊരുക്കിയിരിക്കുന്നത്.
ഏതെങ്കിലും രീതിയിൽ വൈദ്യുതി പ്രവഹിച്ചാൽ ഇരുന്പു കസേരയിൽ വന്നിരിക്കുന്ന രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കസേരയിൽ വന്നിരിക്കുന്നവർ അറിയാതെ കൈ കസേരയുടെ പിന്നിലേക്കു പിടിച്ചാൽ ഇതിൽ തട്ടും. മുറിയിൽ മറ്റു പലേടത്തും സ്ഥലമുണ്ടെങ്കിലും രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി കണക്ഷനുള്ള ബോക്സ് കെട്ടിവച്ചിരിക്കുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ല.
എക്സ്റ്റൻഷൻ കോഡും മറ്റും ഉപയോഗിക്കാൻ വൈദ്യുതി ബോർഡിന്റെ കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുള്ളപ്പോഴാണ് സാധാരണക്കാരന്റെ ജീവൻവച്ചുള്ള ഈ മരണക്കെണി. ഇവിടെ രോഗിയുമായി ചികിത്സയ്ക്കെത്തിയ യുവാവ് ഇന്നലെ ഉച്ചയോടെ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്കു കൈമാറി.
കസേരയിൽ രോഗി ഇരിക്കുന്നതും എക്സ്റ്റൻഷൻ ബോർഡിലെ വൈദ്യുതി പ്രവാഹം സൂചിപ്പിക്കുന്ന ഇൻഡിക്കേറ്ററുകൾ കത്തി നിൽക്കുന്നതും കാണാം. ഇതിനു മുന്നിൽത്തന്നെ മറ്റു ജീവനക്കാരും രോഗികളുമൊക്കെ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.