കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അണുബാധയെ തുടർന്ന് അടച്ചിട്ട് രണ്ടര മാസം പിന്നിട്ടു. ഇതുവരെ പണി പൂർത്തിയാക്കി തുറക്കാൻ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ശസ്ത്രക്രിയ കാത്തു കഴിയുകയാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മറ്റുള്ള രോഗികൾ ഓപ്പറേഷൻ തിയറ്റർ തുറക്കുന്നതും കാത്തിരിക്കുകയാണ്. കെഎച്ച് ആർഡബ്ല്യുഎസ് ആണ് തിയറ്ററിലെ അറ്റകുറ്റപ്പണികൾ ടെൻഡർ എടുത്തിരിക്കുന്നത്. ഇതുവരെ പണി ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല.
പണി തുടങ്ങാത്തതിന് ആദ്യം നഗരസഭ പൊതുമരാമത്ത് വകുപ്പിനെയാണ് ആശുപത്രി അധികൃതർ പഴിച്ചിരുന്നത്. നഗരസഭ പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കാത്തതിനാലാണ് ടെൻഡർ നടപടികൾ ആരംഭിക്കാത്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ പരാതി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സണ് ഇടപെട്ട് ഉദ്യോഗസ്ഥരെ അയച്ച് എസ്റ്റിമേറ്റ് തയാറാക്കി നല്കി. എന്നാൽ എസ്റ്റിമേറ്റ് നല്കി ഒരു മാസം കഴിഞ്ഞിട്ടുപോലും പണി തുടങ്ങാനായില്ല. എന്താണ് കാരണമെന്നു പോലും ആശുപത്രി അധികൃതർക്ക് വിശദീകരിക്കാനാവുന്നില്ല.
ഓപ്പറേഷൻ തിയറ്ററിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാലും മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നല്കിയാലേ തിയറ്റർ തുറന്നു പ്രവർത്തിക്കാനാവൂ. തിയറ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ചോർച്ചയാണ് അണുബാധയ്ക്ക് കാരണമെന്നു പറയുന്നു. ചോർച്ച അടയ്ക്കൽ പോലും കാര്യക്ഷമമായി നടന്നിട്ടില്ല.
അതേ സമയം രണ്ടര മാസത്തിലധികമായി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടക്കുന്നത് അറിഞ്ഞിട്ടും ജില്ലാ ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഡിഎംഒ വിസമ്മതിച്ചു.
തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പണി വൈകുന്നതിന്റെ കാരണം എന്താണെന്ന് ആശുപത്രി സൂപ്രണ്ടിനോട് ചോദിക്കാനും ഡിഎംഒ നിർദേശിച്ചു. അതേ സമയം തിയറ്ററിലെ പെയിന്റിംഗ് ജോലികൾക്ക് തുടക്കം കുറിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പണി പൂർത്തിയാക്കാൻ ഇനി രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നും ഇവർ പറയുന്നു.