പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിയതിനേ തുടര്‍ന്ന് രോഗികളെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ്. ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ സംഭവത്തില്‍ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പത്തനംതിട്ട ഡിഎംഒയില്‍ നിന്നു വിശദമായ റിപ്പോര്‍ട്ടും തേടി. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന് അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലിഫ്റ്റ് തകരാറിലായതെന്ന് പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്നു.
ആശുപത്രിയില്‍ റാംപ് സൗകര്യമില്ലെന്ന് പറയുന്നു. തടിയില്‍ കോര്‍ത്ത് കെട്ടിയ തുണിയില്‍ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷന് തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും കമ്മീഷന് ഗൗരവത്തിലെടുത്തിരിക്കുകയാണ്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ഇതിനിടെ ലിഫ്റ്റ് നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. സ്റ്റീല്‍ വാതില്‍ കുത്തിപ്പൊളിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പാര്‍ട്സുകള്‍ മാറേണ്ടിവരുമെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കി. കഴിഞ്ഞ 14നു രാവിലെ ലിഫ്റ്റ് ഇടയ്ക്കു നിന്നപ്പോള്‍ ഉള്ളിലുള്ളവരെ പുറത്തെത്തിക്കാന്‍ പുറത്തുനിന്നവരില്‍ ആരോ കമ്പി ഉപയോഗിച്ച് കുത്തി തുറന്നതാണ് തകരാറ് രൂക്ഷമാക്കിയത്.
ഇതോടെ വാറണ്ടിയും നഷ്ടമായി. വാതില്‍ കുത്തിപ്പൊളിച്ചതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് പോലീസിലും പരാതി നല്കി. രണ്ട് ലിഫ്റ്റുകള്‍ ആശുപത്രിക്കുണ്ടെങ്കിലും ഒരെണ്ണം അഞ്ചുവര്‍ഷത്തോളമായി തകരാറിലാണ്. മേജര്‍ അറ്റകുറ്റപ്പണി ഇതിനുവേണ്ടതിനാല് ഉപേക്ഷിച്ചിരിക്കുകയാണ്. പിന്നീടുണ്ടായിരുന്ന ഏക ലിഫ്റ്റാണ് ഇപ്പോള്‍ തകരാറിലായത്.