കോട്ടയം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നഴ്സുമാർക്കായി നടത്തിയ അഭിമുഖം മാറ്റിവച്ചു.
ഇന്നു രാവിലെയാണ് കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിനു നഴ്സുമാരായ ഉദ്യോഗാർഥികൾ എത്തിയത്.
നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കു അപേക്ഷ നല്കിയിരുന്നവർ ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിനായി എത്തിയത്. എല്ലാവരും സാമൂഹിക അകലം പോലും പാലിക്കാതെ ക്യൂ നിന്നതോടെ പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കുകയായിരുന്നു.
കോട്ടയം ട്രാഫിക് എസ്ഐ മനു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഉദ്യോഗാർഥികളെ സാമൂഹിക അകലം പാലിച്ചു ക്യൂ നിർത്തി. എന്നാൽ പീന്നിടും ഉദ്യോഗാർഥികൾ എണ്ണം കൂടിവരികയായിരുന്നു.
ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചതോടെ ക്യൂ റോഡിലേക്കും നീണ്ടു. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു അഭിമുഖം മാറ്റിവയ്ക്കുകയായിരുന്നു.
ഇനി ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചു ഉദ്യോഗാർഥികളുടെ എണ്ണം കണക്കാക്കി അഭിമുഖം സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രി അധികൃതർ ഇന്റർവ്യൂവിനു കൃത്യമായ സമയം ക്രമീകരിച്ചു നല്‍കാത്തതാണ് ആശുപത്രിയ്ക്കു മുന്നിൽ ഉദ്യോഗാർഥികളുടെ വൻ തിരക്ക് അനുഭവപ്പെടാൻ കാരണമെന്നും ആക്ഷേപമുണ്ടായിരുന്നു.