കൊച്ചി: സംസ്ഥാന വ്യാപകമായി ജനറേറ്ററുകൾ മോഷണം നടത്തിവന്നിരുന്ന സംഭവത്തിൽ പിടിയിലായ പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ ജനറേറ്റർ കണ്ടുവച്ചശേഷം രാത്രി സഹോദരനൊപ്പം എത്തി മോഷണം നടത്തി വരികയായിരുന്നു ഇയാളുടെ രീതിയെന്ന് അധികൃതർ പറഞ്ഞു.
മോഷണ സമയത്ത് ഇവർ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജനറേറ്റർ മോഷണ കേസിൽ തൃശൂർ മരത്താക്കര ഭാഗത്ത് ഫിഷറീസ് റോഡിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന തൃശൂർ ചാവക്കാട് ഒരുമനയൂർ അന്പലത്താഴം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു സമീപം വാല വീട്ടിൽ ഉണ്ണികൃഷ്ണനെ (32) ആണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
പാലാരിവട്ടം എസ്എച്ച്ഒ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂർ ഭാഗത്തുനിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് സ്ഥിരമായി വിലയേറിയ ആധുനിക ജനറേറ്ററുകൾ മോഷണം പോകുന്നത് പതിവായപ്പോൾ എറണാകുളം അസി. കമ്മീഷണർ കെ. ലാൽജിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വി.എൻ. ജിബിയുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തമ്മനം പാലാരിവട്ടം റോഡിലുള്ള ഒരു കടയിൽനിന്ന് രണ്ടു ലക്ഷം രൂപ വില വരുന്ന ഹോണ്ട കന്പനി നിർമിതമായ ഒരു ഡീസൽ ജനറേറ്റർ മോഷണം പോയ സംഭവത്തിൽ സ്ഥാപനത്തിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണത്തിന് ഉപയോഗിച്ചതായി കരുതുന്ന വാഹനത്തിൻറെ ദൃശ്യം ലഭിച്ചു. തുടർന്ന് വാഹനം പോയ വഴികളിലെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലാകുന്നത്.
പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മാത്രം ആറ് ജനറേറ്ററുകൾ പ്രതികൾ മോഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലിവിലുണ്ടെന്നും പോലീസ് അറിയിച്ചു. മോഷണം നടത്തിയെടുക്കുന്ന ജനറേറ്ററുകൾ വിൽപ്പന നടത്തി കിട്ടുന്ന പണം പ്രതികൾ വാഹനം വാങ്ങാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കേസിൽ സഹോദരനെ പിടികൂടാനുള്ള അന്വേഷണം ഉൗർജിതമാക്കിയെന്നും പ്രതികൾ കേരളത്തിൽ ഇത്തരത്തിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.