കരുവന്നൂർ: ജീർണാവസ്ഥയിലായ ജനറേറ്ററിന്റെ ബാറ്ററി ഉണ്ടായിരുന്നത് അടിച്ചുമാറ്റിയതോടെ ജനറേറ്ററിന്റെ പതനം പൂർത്തിയായി.
കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് പഴയ പൊറത്തിശേരി പഞ്ചായത്ത് ഓഫീസ് വളപ്പിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിന്റെ ബാറ്ററിയാണ് മോഷണം പോയത്.
തപാൽ വകുപ്പ് പോസ്റ്റൽ ബാങ്കിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി, തടസമില്ലാതെ വൈദ്യുതി ലഭിക്കാനാണ് ജനറേറ്റർ സ്ഥാപിച്ചത്.
2008 ൽ ട്രയൽ റണ്‍ നടത്തിയതല്ലാതെ അത് പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴയും വെയിലുമേറ്റ് ജനറേറ്റർ പൂർണമായും തുരുന്പെടുത്ത് നശിച്ചു.
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് ജനറേറ്റർ നശിച്ചതെന്നാരോപിച്ച് പൊതുപ്രവർത്തകൻ ഷിയാസ് പാളയംകോട് കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിക്കും കളക്ടർക്കും പരാതി അയച്ചിരുന്നു.
അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് കളക്ടർ മറുപടി നൽകിയിരുന്നു. ഇതിനിടയിലാണ് ബാറ്ററി മോഷണം പോയത്.
പൂർണമായും ഉപയോഗശൂന്യമായി കിടന്ന ജനറേറ്റർ ഇവിടെ നിന്ന് ആക്രി വിലയ്ക്കെങ്കിലും കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.