സ്വന്തം ലേഖകന്
കോഴിക്കോട്: കോവിഡ് കാലത്ത് സാധാരണക്കാരിലേക്ക് നേരിട്ട് പണമെത്തിക്കുന്നതില് പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രി വനിതാ ജന്ധന് അക്കൗണ്ട് കൂടുതല് വിപലുമാക്കുന്നു. ദുരിതകാലത്ത് പുതിയ അപേക്ഷകള് സ്വീകരിക്കുന്നത് ബാങ്കുകൾ നിര്ത്തിയിരുന്നു. എന്നാല് കഴിഞ്ഞ ആഴ്ചമുതല് ഇത് പുനരാരംഭിച്ചു.
ഇപ്പോള് ബാങ്കുകളില് നിന്ന് അപേക്ഷാഫോമുകള് വാങ്ങാന് കഴിയും. ഇത് പൂരിപ്പിച്ച് ഫോട്ടോയും തിരിച്ചറിയല് രേഖകളും സഹിതം അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അക്കൗണ്ട് ആക്ടീവാകും. കോവിഡ് ദുരിതകാലത്ത് ജന്ധന് അക്കൗണ്ടുകളില് 1500 രൂപ കേന്ദ്രസര്ക്കാര് നിക്ഷേപിച്ചിരുന്നു.
എപ്രില്, മേയ് , ജൂണ് മാസങ്ങളിലായി 500 രൂപവീതമാണ് നിക്ഷേപിച്ചത്. നേരത്തെ അക്കൗണ്ട് തുടങ്ങിയവര്ക്ക് ദുരിതകാലത്ത് ഇത് അനുഗ്രഹമാകുകയും ചെയ്തു.കേന്ദ്രസര്ക്കാര് സാധാരണക്കാര്ക്ക് നല്കുന്ന ആനുകൂല്യങ്ങള്ക്ക് ഇനിമുതല് ജന്ധന് അക്കൗണ്ട് നിര്ബന്ധമാക്കുമെന്നാണ് അറിയുന്നത്.
കുടുംബത്തില് ഒരാള്ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28ന് കേന്ദ്ര സര്ക്കാര് ആരംഭിച്ച പദ്ധതിയാണ് പ്രധാന്മന്ത്രി ജന് ധന് യോജന (പിഎംജെഡിവൈ). നരേന്ദ്ര മോദി സര്ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില് ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പിഎംജെഡിവൈ പദ്ധതി പ്രകാരം ഏതൊരാള്ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും സീറോ ബാലന്സ് അക്കൗണ്ട് തുടങ്ങാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂര്ത്തിയാകാത്തവര്ക്കും ഈ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാന് അര്ഹതയുണ്ട്.
ഈ സ്കീമിലെ ഓരോ അക്കൗണ്ട് ഉടമയ്ക്കും ഒരു റൂപേ ഡെബിറ്റ് കാര്ഡും ലഭിക്കും.ഇത് ഉപയോഗിച്ച് ഇടപാടുകള് നടത്താം. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമെ ആനുകൂല്യങ്ങൾ ലഭിക്കൂ.